നിലമ്പൂർ: തൃശ്ശൂരിൽ ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം വിജയിച്ചുവെന്ന് പി.വി അൻവർ എം.എൽ.എ. ചില അഡ്ജസ്റ്റ്മെന്റുകൾ നടത്തേണ്ട ആവശ്യമുള്ള വ്യക്തിയായിരിക്കാം എ.ഡി.ജി.പി.ക്ക് നിർദേശം നൽകിയതെന്നും പി.വി. അൻവർ പറഞ്ഞു.
കേരളത്തിൽ ബി.ജെ.പിക്ക് സീറ്റ് ഉണ്ടാക്കിക്കൊടുക്കേണ്ട ആവശ്യം ആർക്കാണോ ആ വ്യക്തിയായിരിക്കാം എ.ഡി.ജി.പി.ക്ക് നിർദേശം കൊടുത്തിട്ടുണ്ടാകുക. അതാരാണെന്ന് എനിക്കറിയില്ല, നിങ്ങൾ അന്വേഷിച്ചോളൂ. നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളന സമയത്ത് ഇതിന്റെ പിന്നിൽ അൻവർ ആണോ എന്ന് നിങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞില്ലേ, നിങ്ങൾ അന്വേഷിച്ചോളൂ എന്ന്. അതുപോലെ ആർക്കാണോ ഇവിടെ ബി.ജെ.പിക്ക് സീറ്റുണ്ടാക്കിക്കൊടുത്ത് സൗകര്യം പറ്റേണ്ടതെന്ന് നിങ്ങൾ അന്വേഷിച്ചോളൂ എന്ന് പി.വി. അൻവർ പറഞ്ഞു.
ബി.ജെ.പിയെ കുറ്റം പറയാൻ പറ്റില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയം അതാണ്. ജയിക്കാനുള്ള തന്ത്രം അവര് പ്രയോഗിച്ചു. അവർ വിജയിച്ചു. അതിന് സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നെന്നും പിവി അൻവർ പറഞ്ഞു.
കോടിയേരിയുടെ മൃതദേഹം എകെജി സെന്ററിൽ പൊതുദർശനത്തിന് വെച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പത്രസമ്മേളനത്തിന് വരുന്ന സമയത്ത് ഒരു പാർട്ടി സഖാവ് തനിക്ക് മെസ്സേജ് അയച്ചെന്ന് അൻവർ പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി സഖാവ്. ആ മനുഷ്യന്റെ മരണം നടന്നിട്ട് തിരുവനന്തപുരം എ.കെ.ജി. സെന്ററിൽ മൃതദേഹം വെച്ചിട്ടില്ല.
കേരളത്തിൽ ഉടനീളമുള്ള സഖാക്കൾ അതിനുവേണ്ടി കാത്തിരുന്നതാണ്. തിരുവനന്തപുരം തൊട്ട് കണ്ണൂര് വരെ ഒരുപാട് സഖാക്കൾ ഉണ്ടായിരുന്നു. അന്ന് വൈകുന്നേരം മുഖ്യമന്ത്രിക്കും കുടുംബത്തിനും യുറോപ്പിലേക്ക് പോണം. അതിനുവേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്, അൻവർ പറഞ്ഞു. കോടിയേരി ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ ഒരു പത്രസമ്മേളനം തനിക്ക് നടത്തേണ്ടിവരില്ലായിരുന്നുവെന്നും പിവി അൻവർ പറഞ്ഞു.
നിയമസഭയിൽ ഇക്കാര്യങ്ങൾ ഉന്നയിക്കുമോ എന്ന ചോദ്യത്തിന്, അതിന് താൻ നിയമസഭയിൽ ഉണ്ടെങ്കിലല്ലേ എന്നായിരുന്നു മറുപടി. നമ്മുടെ നിയമസഭ ഇവിടെയാണ് നടക്കുന്നത്. ഇത് കഴിഞ്ഞ് ഞായറാഴ്ച പൊതുസമ്മേളനം വിളിക്കുന്നുണ്ടെന്നും അടുത്തഘട്ടത്തിലേക്ക് കടക്കുമ്പോൾ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കേണ്ടതുണ്ടെന്നും അൻവർ പറഞ്ഞു.