കോടിയേരി ബാലകൃഷ്ണന് ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോയി. മൂന്നാഴ്ചയാണ് അദ്ദേഹം അമേരിക്കയിലുണ്ടാവുക. അമേരിക്കയിലെ ഹൂസ്റ്റണിലാണ് കോടിയേരി വിദഗ്ധ ചികിത്സയ്ക്ക് വിധേയനാവുക. നേരത്തെ ഒക്ടോബറിലും കോടിയേരി ചികിത്സയ്ക്കായി ഹൂസ്റ്റണില്‍ എത്തിയിരുന്നു. അന്ന് തുടങ്ങിയ ചികിത്സയുടെ തുടര്‍ച്ചയെന്നോണം വേണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് യാത്ര.
13 മുതല്‍ 16 വരെ തുടര്‍ പരിശോധനകള്‍ക്കും ശസ്ത്രക്രിയയ്ക്കും കോടിയേരി വിധേയനാവും. ശസ്ത്രക്രിയക്ക് ശേഷം മൂന്നാഴ്ച വിശ്രമമെടുത്താവും തിരിച്ചെത്തുക. ഭാര്യ വിനോദിനിയും അദ്ദേഹത്തിനൊപ്പമുണ്ട്. ഈ മാസം 17 മുതല്‍ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം യാത്ര എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ആശുപത്രിയിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം വന്നതോടെ വെള്ളിയാഴ്ച തന്നെ പുറപ്പെട്ടു.