തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്നിരിക്കുന്ന പീഡനപരാതി കുറച്ചൊന്നുമല്ല സി.പി.എമ്മിനെ ആലോസരപ്പെടുത്തുന്നത്. പീഡന പരാതിയില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചു പറയുമ്പോഴും വിഷയം സിപിഎമ്മില്‍ ചീഞ്ഞുനാറുകയാണ്. സിപിഎം നേതാക്കളുടെ ധൂര്‍ത്തും അവരുടെ മക്കളുടെ സാമ്പത്തിക ഇടപാടുകളും ഇതിന് മുമ്പും വിവാദമായിട്ടുണ്ട്. ഇതിനിടയില്‍ മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ ആദര്‍ശങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ ചടയന്‍ ഗോവിന്ദന്റെ ആദര്‍ശങ്ങളെ കുറിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും എന്ന തരത്തില്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ കുറിപ്പ് പങ്കുവച്ചത്.
ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
കോടിയേരിയുടെ മകനെപ്പറ്റിയുള്ള വിവാദം കത്തിപ്പടരുമ്പോള്‍ ചടയന്‍ ഗോവിന്ദനെ ഓര്‍ക്കുന്നത് നന്നായിരിക്കും.
സി പി എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ആഡംബരജീവിതത്തെക്കുറിച്ചുള്ള വിവാദം കത്തിപ്പടരുന്ന ഈ സന്ദര്‍ഭത്തില്‍ സി പി എം സംസഥാന സെക്രട്ടറി ആയിരുന്ന ചടയന്‍ ഗോവിന്ദനെ കുറിച്ച് ഓര്‍ക്കുന്നതു നന്നായിരിക്കും.
.സി പി എം സംസ്ഥാന സെക്രട്ടറി ആയിരിക്കെ കണ്ണൂരില്‍ വീടിനടുത്തു ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ച ശേഷം ചടയന്‍ വീട്ടിലേക്കു കാറില്‍ പോകാന്‍ തുടങ്ങുമ്പോള്‍ മകന്‍ സുരേന്ദ്രന്‍ കൂടെ കാറില്‍ കയറിയപ്പോള്‍ ‘നീ വീട്ടിലേക്കു നടന്നു വന്നാല്‍ മതി കാറില്‍ കയറേണ്ട ‘ എന്നു പറഞ്ഞ് കാറില്‍ നിന്നിറക്കി. വീട്ടില്‍ ചെന്ന് ചടയന്‍ ചോറുണ്ടുകൊണ്ടിരുന്നപ്പോള്‍ ഭാര്യ ചടയനോട് ‘സുരേന്ദ്രന്‍ എന്തിയെ’ എന്ന് ചോദിച്ചു. അവന്‍ നടന്നു വരുന്നുണ്ട് എന്നു ചടയന്‍ പറഞ്ഞു. ഭാര്യ ചിരിച്ചു. ഭാര്യക്ക് കാര്യം മനസ്സിലായി. പാര്‍ട്ടി കൊടുത്ത കാര്‍ പാര്‍ട്ടി സെക്രട്ടറി ആയ ചടയന് ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണ്. അല്ലാതെ ചടയന്റെ മകനും കുടുംബത്തിനും ഉപയോഗിക്കാനുള്ളതല്ല എന്ന വിശ്വാസപ്രമാണമുള്ള ഉത്തമനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു ചടയന്‍ ഗോവിന്ദന്‍.
ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയന്‍ നായനാര്‍ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രി ആയിരുന്നു. ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി വിജയന്‍ തെരഞ്ഞെടുക്കപ്പെടുകയാണ് ഉണ്ടായത്.
ചടയന്റെ മകന്‍ സുരേന്ദ്രന്‍ കഴിഞ്ഞ 25 വര്‍ഷക്കാലമായി MLA ക്വാര്‍ട്ടേഴ്സിലെ സി പി എം ന്റെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെ ജീവനക്കാരനാണ്. സുരേന്ദ്രനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത് ഗുരുവായൂര്‍ MLA ആയിരുന്ന സംവിധായകന്‍ പി ടി കുഞ്ഞിമുഹമ്മദിന്റെ റൂമില്‍ വെച്ചായിരുന്നു.
തൊട്ടപ്പുറത്തു ലോനപ്പന്‍ നമ്പാടന്‍ MLA യുടെ മുറിയില്‍ ആയിരുന്നു അന്ന് എന്റെ താമസം. സെക്രെട്ടറിയേറ്റില്‍ നിന്നും MLA ഹോസ്റ്റലിലേക്ക് സുരേന്ദ്രന്‍ നടന്നു പോകുന്നത് ഞാന്‍ കാണാറുണ്ട്. അച്ഛന്റെ ഇഷ്ടം അനുസരിച്ചും മനസ്സറിഞ്ഞും ലളിത ജീവിതം നയിക്കുന്ന സുരേന്ദ്രനെ പോലെയുള്ള നിരവധി പേര്‍ സി പി എം ല്‍ ഉണ്ട്.