കൊച്ചി: അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ഹൈദരാബാദില്‍നിന്ന് പിടിയിലായി. കേരളത്തില്‍നിന്നുള്ള അന്വേഷണസംഘം ഹൈദരാബാദില്‍ എത്തിയാണ് ബല്ലംകൊണ്ട രാമപ്രസാദ് എന്ന പ്രതിയെ പിടികൂടിയതെന്ന് ആലുവ റൂറല്‍ എസ്.പി. വൈഭവ് സക്‌സേന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേസില്‍ നേരത്തേ പിടിയിലായ സാബിത്തില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം അന്താരാഷ്ട്ര അവയവക്കടത്ത് മാഫിയയിലെ പ്രധാന കണ്ണിയിലേക്ക് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് മാഫിയ പ്രവര്‍ത്തിച്ചിരുന്നതെന്ന് നേരത്തേ സാബിത്ത് മൊഴി നല്‍കിയിരുന്നു.
വിജയവാഡ സ്വദേശിയാണ് അറസ്റ്റിലായ ബല്ലം കൊണ്ട രാമപ്രസാദ്. പ്രതാപന്‍ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. അന്വേഷണത്തില്‍ ഏറെ പ്രാധാന്യമുള്ള അറസ്റ്റാണിതെന്നും ഇയാളില്‍നിന്നും അവയവക്കടത്തിനെ കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നും റൂറല്‍ എസ്.പി. വൈഭവ് സക്‌സേന പറഞ്ഞു.
അവയവക്കടത്തിനിരയായാവരില്‍ കൂടുതലും ഹൈദരാബാദില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍നിന്നും ഇരകളുണ്ട്. കേരളത്തില്‍നിന്ന് ഇതുവരെ ഒരാള്‍ മാത്രമേ അവയവക്കടത്തിന് ഇരയായതായി കണ്ടെത്തിയിട്ടുള്ളൂ എന്നും റൂറല്‍ എസ്.പി. കൂട്ടിച്ചേര്‍ത്തു.