വാടക വീട് കാണിയ്ക്കാനെന്ന വ്യാജേനെ കൊച്ചിയില്‍ വീട്ടമ്മയെ പൂട്ടിയിട്ട് കവര്‍ച്ച, രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

കൊച്ചി : വാടക വീട്് കാണിയ്ക്കാനെന്ന വ്യാജേനെ വീട്ടമ്മയെ വിളിച്ചുവരുത്തി പൂട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി. ചേര്‍ത്തല പാണാവള്ളി പുതുവില്‍നികത്തു വീട്ടില്‍ അശ്വതി (27), തിരുവനന്തപുരം പേട്ടവയലില്‍ വീട്ടില്‍ കണ്ണന്‍ (21), വടുതല അരൂക്കുറ്റി വേലിപ്പറമ്പ് വീട്ടില്‍ ബിലാല്‍ (25), നോര്‍ത്ത് പറവൂര്‍ കാട്ടിക്കളം അന്താരകുളം വീട്ടില്‍ ഇന്ദു (32) എന്നിവരാണു സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. വസ്തു ഇടപാടുകാരിയായ എറണാകുളം സ്വദേശിനിയെയാണ് ഇവര്‍ ആക്രമിച്ചത്.

ഈ മാസം 5ന് പരാതിക്കാരിയെ സൗത്ത് റെയില്‍വേ സ്റ്റേഷനടുത്തു മൊണാസ്ട്രി റോഡില്‍ വാടകയ്ക്കു വീടു കാണിക്കാമെന്നറിയിച്ചു വിളിച്ചു വരുത്തുകയായിരുന്നു. വൈകിട്ട് 4ന് സ്ഥലത്തെത്തിയ ഇവരെ പ്രതികള്‍ മുറി കാണിക്കാനെന്ന വ്യാജേന വീട്ടിനുള്ളില്‍ വിളിച്ചു കയറ്റി പൂട്ടിയിട്ടു. തുടര്‍ന്നു ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം ഒന്നര പവന്റെ മാല, അര പവന്റെ കമ്മല്‍, അരപ്പവന്റെ മോതിരം എന്നിവ അഴിച്ചെടുത്തു. പൊലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തിനു പിന്നാലെ പരാതിക്കാരി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പ്രതികള്‍ കണ്ണാടിക്കാടു വീടു വാടകയ്ക്ക് എടുത്ത് ഒളിച്ചു താമസിക്കുകയാണെന്നുള്ള വിവരം ലഭിച്ച പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News