KeralaNews

കൊച്ചി നഗരസഭയുടെ വിവിധ സേവനങ്ങള്‍ ഇനിമുതല്‍ ഓണ്‍ലൈനിലേക്ക് മാറുന്നു, ചെയ്യേണ്ടതിങ്ങനെ

കൊച്ചി:ഈ വര്‍ഷം മുതല്‍ വ്യാപാര ലൈസന്‍സുകളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുക.
കൊച്ചി നഗരസഭയുടെ നവീകരിച്ച വെബ്സൈറ്റായ kochicorporation.lsgkerala.gov.in എന്നതിലൂടെയോ citizen.lsgkerala.gov.in എന്ന സൈറ്റിലൂടെയോ ഈ സേവനങ്ങള്‍ ലഭ്യമാകും.

2013-ന് ശേഷം നികുതി നിര്‍ണ്ണയിച്ചിട്ടുളള മുഴുവന്‍ കെട്ടിടങ്ങളുടേയും കെട്ടിട നികുതി ഓണ്‍ലൈന്‍ മുഖേന ഒടുക്കുവാന്‍ കഴിയുന്ന സംവിധാനം ഒരുക്കിയത് ഈ കൗണ്‍സില്‍ ചുമതലയേറ്റ ശേഷമാണ്. ഇപ്പോള്‍ നഗരത്തിലെ 90% കെട്ടിടങ്ങളുടെയും നികുതി ഓണ്‍ലൈനിലൂടെ ഒടുക്കാന്‍ കഴിയുന്ന സംവിധാനം തയ്യാറായിട്ടുണ്ട്. പൊതുജനങ്ങള്‍ ഏവരും ഈ സംവിധാനം പ്രയോജനപ്പെടുത്തി ഓണ്‍ലൈനിലൂടെ മാത്രം നികുതി ഒടുക്കുവാന്‍ തയ്യാറാകണം.

ഓണ്‍ലൈനില്‍ കെട്ടിട നികുതി പരിശോധിക്കുമ്പോള്‍ ആക്ഷേപമുളളവര്‍ക്ക് ആയത് പരിഹരിക്കുന്നതിനായി മെയിന്‍ ഓഫീസിലും 6 സോണല്‍ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്ക്/ ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ സജ്ജികരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം സഞ്ചരിക്കുന്ന മറ്റ് 7 ഫെസിലിറ്റേഷന്‍ സെന്‍ററുകളും ഒരുക്കിയിട്ടുണ്ട്.

നിലവില്‍ സോണല്‍ ഓഫീസുകള്‍ക്ക് കീഴിലുളള ഓരോ ഡിവിഷനുകളിലെയും സെന്‍ററുകളില്‍ ഓരോ ദിവസം വീതം ഈ ഫെസിലിറ്റേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഓണ്‍ലൈനായി കെട്ടിട നികുതി ഒടുക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഈ ഫെസിലിറ്റേഷന്‍ സെന്‍ററുകളെ സമീപിക്കാവുന്നതാണ്. ഓണ്‍ലൈനായി നികുതി ഒടുക്കിയാല്‍ അതോടൊപ്പം തന്നെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകളും ഡൗണ്‍ലോഡ് ചെയ്യുവാനാകും.

കെട്ടിട നികുതി പിഴ കൂടാതെ അടക്കുന്നതിനുള്ള സമയമാണിത്. ആയതും ഏവരും പരമാവധി പ്രയോജനപ്പെടുത്തണം.
വ്യാപാര ലൈസന്‍സ് ഓണ്‍ലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലെ വ്യാപാരി സംഘടനകളുടെ യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. ഈ വിഷയത്തില്‍ അക്ഷയ സെന്‍ററുകള്‍ ഉള്‍പ്പെടെയുളള നഗരസഭാ പരിധിയിലെ നൂറോളം ഓണ്‍ലൈന്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്ക് നഗരസഭ ട്രെയിനിംഗും ലഭ്യമാക്കി. വ്യാപാര സ്ഥാപനങ്ങള്‍ക്കും, സംഘടനകള്‍ക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. നിശ്ചിത സമയത്തിനുളളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ കാലതാമസം നേരിടുന്ന പക്ഷം നഗരസഭയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സെന്‍ററുകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുവാനുളള സംവിധാനം ഒരുക്കുന്നതിനും നഗരസഭ തയ്യാറാണ്. ഇരുപത്തി നാലായിരത്തോളം ട്രേഡ് ലൈസന്‍സുകളുളള കൊച്ചി നഗരസഭയില്‍ നാല് ദിവസത്തിനകം ഇതുവരെ 510 അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിച്ചിട്ടുമുണ്ട്.

ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ക്കും നിലവില്‍ ഐ.ബി.പി.എം.എസ്. സോഫ്റ്റ്വെയര്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. 2021 സെപ്തംബര്‍ മുതലുളള ജനന മരണ സര്‍ട്ടിഫിക്കറ്റുകളും നിലവില്‍ ഓണ്‍ലൈനായി ലഭ്യമാണ്.
സര്‍വര്‍ തകരാറുകള്‍ നിമിത്തം നിലവില്‍ ലഭ്യമാകുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ചിലസമയം കാലതാമസം നേരിടുന്ന സ്ഥിതിയുണ്ട്. ആയത് പരിഹരിക്കുന്നതിനായി ഐ.കെ.എം കൂടുതല്‍ സാങ്കേതിക തികവോടു കൂടിയ കെ-സ്മാര്‍ട്ട് പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്.

ലോക്കല്‍ സെര്‍വറുകള്‍ ഒഴിവാക്കി ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തോടു കൂടിയ ഈ പുതിയ പ്ലാറ്റ്ഫോമില്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കേരളത്തിലെ നഗരസഭകളിലെ വിവിധ സേവന മൊഡ്യൂളുകള്‍ ലഭ്യമായി തുടങ്ങും. കൊച്ചി സ്മാര്‍ട്ട് സിറ്റി വിഹിതമായ 23 കോടി രൂപ ചെലവില്‍ തയ്യാറാക്കിയിട്ടുളള കെ – സ്മാര്‍ട്ട് -ന്‍റെ സേവന മൊഡ്യൂളുകള്‍ ആരംഭ ഘട്ടത്തില്‍ തന്നെ കൊച്ചി നഗരസഭയില്‍ ലഭ്യമാകും.

ആദ്യ ഘട്ടമായി ജനന മരണ രജിസ്ട്രേഷന്‍, ട്രേഡ് ലൈസന്‍സ് എന്നീ മൊഡ്യൂളുകളാകും ലഭ്യമാകുക. 2011-ല്‍ ഐ.കെ.എം. -ല്‍ നിന്നും ടി.സി.എസ്. സോഫ്റ്റ്വെയറിലേക്ക് നഗരസഭയിലെ ജനന മരണ രജിസ്ട്രേഷന്‍ മാറിയതിനെ തുടര്‍ന്ന് 2021 സെപ്തംബര്‍ മാസത്തിന് മുന്‍പുളള ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ആയതിനുളള സാങ്കേതിക തടസ്സവും കെ – സ്മാര്‍ട്ട് പ്രാവര്‍ത്തികമാകുന്നതോടെ മാറിക്കിട്ടും.
സര്‍വര്‍ തകരാറുകളും മറ്റ് സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കി മെച്ചപ്പെട്ട ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടുതല്‍ വേഗതയില്‍ കെ-സ്മാര്‍ട്ട് പ്രാവര്‍ത്തികമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

പൊതുജനങ്ങള്‍ ഏവരും നഗരസഭയുടെ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് താത്പര്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button