യുവാവിന്റെ അന്നനാളത്തില്‍ കത്തിയും പേനയുടെ റീഫിലും! അപൂര്‍വ്വ ശസ്ത്രക്രിയ
ഭോപ്പാല്‍: യുവാവിന്റെ അന്നനാളത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്ത് അപൂര്‍വ്വ ശസ്ത്രക്രിയ. ഭോപ്പാല്‍ എയിംസ് ആശുപത്രിയിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. 14 സെന്റിമീറ്റര്‍ നീളവും 3.5 സെന്റിമീറ്റര്‍ വീതിയുമുള്ള കത്തിയാണ് അന്നനാളത്തില്‍ നിന്ന് നീക്കം ചെയ്തത്.
ഭോപ്പാലില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയുള്ള ഛത്തര്‍പൂര്‍ സ്വദേശിയുടെ അന്നനാളത്തില്‍ നിന്നാണ് കത്തി നീക്കം ചെയ്തത്. ഇതാദ്യമായല്ല ഈ രോഗിയുടെ ശരീരത്തില്‍ നിന്ന് ഇത്തരത്തിലുള്ള വസ്തുക്കള്‍ നീക്കം ചെയ്യുന്നത്. വയറ്റില്‍ നിന്ന് ബാഹ്യവസ്തുക്കള്‍ നീക്കം ചെയ്തിട്ടുണ്ട്. ഭോപ്പാലിലെ എയിംസില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് 32കാരന്റെ അന്നനാളത്തില്‍ നിന്ന് കത്തി നീക്കം ചെയ്തത്.
കടുത്ത വേദനയും ഭക്ഷണം ഇറക്കാന്‍ കഴിയുന്നില്ല എന്ന പരാതിയുമായാണ് 32കാരന്‍ ആശുപത്രിയില്‍ എത്തിയത്. എയിംസില്‍ എത്തുന്നതിന് രണ്ടുദിവസം മുന്‍പ് കത്തി വിഴുങ്ങിയതായി ഇയാള്‍ വെളിപ്പെടുത്തി. എക്സ്റേയില്‍ അന്നനാളത്തില്‍ കത്തി കണ്ടെത്തി. പേനയുടെ റീഫിലും യുവാവും വിഴുങ്ങിയിരുന്നു. അന്നനാളം നാലു സെന്റിമീറ്റര്‍ കീറിയാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.