തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഉറങ്ങി കിടന്ന ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം തമലത്ത് പട്ടാപ്പകല്‍ വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസ്സുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. സംസാര ശേഷിയില്ലാത്ത അമ്മയെ പ്രതികള്‍ കത്തി കാട്ടി പേടിപ്പിച്ച് സ്ഥലത്തു നിന്നു രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഈ സമയം അമ്മയും കുഞ്ഞും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കുളിമുറിയില്‍ നിന്ന് ഇറങ്ങി വന്ന അമ്മ കണ്ടത് രണ്ട് പേര് ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതാണ്. ഉടന്‍ തന്നെ അമ്മ കുട്ടിയെ പിടിച്ച് വലിച്ചു.

ഈ സമയം കുട്ടിയെ പിടിച്ചിരുന്ന പ്രതി അമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. പിടി വിടാതായതോടെ മതിലിന്റെ മറുവശത്ത് ഉണ്ടായിരുന്ന മറ്റൊരു പ്രതി മുളകുപ്പൊടി എറിഞ്ഞു രക്ഷപ്പെട്ടുവെന്ന് അമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ കരമന പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം, കൊല്ലം കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നിരുന്നു. രാവിലെ സ്‌കൂളുകളിലേക്ക് നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News