27.3 C
Kottayam
Thursday, May 30, 2024

കൊറോണ: ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ നിരീക്ഷണത്തില്‍; വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യും

Must read

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ ഇവര്‍ റാന്നി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെയും രണ്ട് ബന്ധുക്കളെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൊച്ചി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് പനിയും ജലദോഷവുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് പേരെയും വീട്ടിലേക്ക് വിടാതെ ഇന്നലെ വൈകിട്ട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊറോണ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള ഇവരുടെ രക്തസാമ്പിളുകള്‍ ആലപ്പുഴ, പൂന വൈറോളജി ലാബുകളിലേക്ക് അയച്ചു.

കഴിഞ്ഞ ദിവസം കൊറോണ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇറ്റലിയില്‍ നിന്നെത്തിയ 19 കാരിക്ക് വൈറസ് ബാധയില്ലാത്തതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. വിദ്യാര്‍ത്ഥിനി വീട്ടില്‍ നിരീക്ഷണത്തിലാണ്.

ഇതിനിടെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികള്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തു എന്ന രീതിയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസ് എടുക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതികളെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. മുന്‍ കരുതലിന്റെ ഭാഗമായാണ് ഇവരെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊറോണ റിപ്പോര്‍ട്ട് ചെയ്തുവെന്ന തരത്തത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിനും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week