KeralaNews

ഡോക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടിയില്ല : കെ.ജി.എം.ഒ.എ നാളെ ഒപി ബഹിഷ്കരിക്കുന്നു

തിരുവനന്തപുരം:ആലപ്പുഴയിലെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) പ്രതിഷേധം ശക്തമാക്കുന്നു.

സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഈ വിഷയം ഉന്നയിച്ച് കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) നടത്തി വരുന്ന ഇടപെടലുകൾ അവഗണിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പ്രതിഷേധം ശക്തമാക്കാൻ ഞങ്ങൾ നിർബന്ധിക്കപ്പെട്ടിരിക്കുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി 25/6 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും. അന്ന് രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒ.പി സേവനങ്ങളും നിര്‍ത്തിവച്ച്‌ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ പി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ല.

കൊവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത്തരം അക്രമണങ്ങള്‍ ചെറുക്കാനും നീതി നടപ്പാക്കാനുമായി ഡോക്ടര്‍മാര്‍ക്ക് പരസ്യ പ്രതിഷേധത്തിലേക്ക് പോക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണ്. വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ പൊലീസുകാരനുള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡണ്ട് ഡോ: ജി എസ് വിജയകൃഷ്ണൻ ജനറൽ സെക്രട്ടറി ഡോ: ടി എൻ സുരേഷ് എന്നിവർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button