CrimeKeralaNews

പാലക്കാട് ഭർതൃവീട്ടില് യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; കൊലപാതകമെന്ന് കുടുംബം

പാലക്കാട്:കിഴക്കഞ്ചേരിയിൽ ഭർതൃവീട്ടിൽ യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ യുവതിയുടെ കുടുംബം. യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

ജൂൺ 18നാണ് കാരാപ്പാടം സ്വദേശി ശ്രീജിത്തിന്റെ ഭാര്യ സ്വദേശി ശ്രുതിയെ കിഴക്കഞ്ചേരിയിലെ ശ്രീജിത്തിന്റെ വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ശ്രുതി മരണപ്പെടുന്നത്. പിന്നാലെയാണ് ശ്രുതിയുടേത് കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്.

കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് മരണത്തിന് മുൻപ് ശ്രുതി പറഞ്ഞിരുന്നുവെന്നാണ് കുടുംബം പറയുന്നത്. മണ്ണെണ്ണ ഒഴിച്ചാണ് പൊള്ളലേൽപ്പിച്ചതെന്ന് ശ്രുതിയുടെ അച്ഛനും ആരോപിച്ചു. മറ്റൊരു പെൺകുട്ടിയുമായി ശ്രീജിത്തിന് ബന്ധമുണ്ടായിരുന്നു. ഇത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇവർ ആരോപിക്കുന്നു.

ഭർത്താവ് അടുത്തുനിൽക്കെ തീപ്പൊള്ളലേറ്റ് മരിക്കാനിടയായതിൽ സംശയങ്ങളുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടി വടക്കഞ്ചേരി പോലീസിൽ പരാതിനൽകുമെന്നും ശ്രുതിയുടെ അച്ഛൻ ശിവനും അമ്മ മേരിയും പറഞ്ഞു. മക്കൾക്ക് സത്യമറിയാമെന്നും സംഭവശേഷം ശ്രീജിത്തിന്റെ വീട്ടുകാർ മക്കളെ പേടിപ്പിച്ചുനിർത്തിയിരിക്കയാണെന്നും ഇവർ ആരോപിച്ചു.

ശ്രുതിയുടെ ശരീരത്തിൽ തീ പടർന്ന ഉടൻ അണയ്ക്കാമായിരുന്നിട്ടും കുട്ടികളുടെ കരച്ചിൽകേട്ട് അയൽവാസികളെത്തിയപ്പോഴാണ് ശ്രീജിത്ത് തീയണയ്ക്കാൻ ശ്രമിച്ചതെന്നും ഇവർ പറയുന്നു. ശ്രീജിത്തിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നെന്നും ശ്രുതി ഇത് ചോദ്യംചെയ്തതാണ് വഴക്കിലേക്കും ഒടുവിൽ മരണത്തിലേക്കും നയിച്ചതെന്നും മേരി പറഞ്ഞു.

ശ്രുതിയുടെ മരണത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ശ്രീജിത്തിന്റെ കൈകൾക്ക് പൊള്ളലേറ്റിട്ടുണ്ട്. മക്കളിൽനിന്നെടുത്ത മൊഴിയുടെയും ശ്രുതി മരിക്കുന്നതിനുമുമ്പ് ഡോക്ടർക്ക് നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 12 വർഷം മുൻപാണ് ശ്രുതിയും ശ്രീജിത്തും വിവാഹിതരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker