20 മിനിറ്റില്‍ 28 കിലോമീറ്റര്‍! ലോക്ക് ഡൗണില്‍ പിഞ്ചു കുഞ്ഞിന് രക്ഷകരായി കേരളാ പോലീസ്

ചെറുപുഴ: കേരളാ പോലീസിന്റെ അവസരോചിത ഇടപെടലില്‍ പന്ത്രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിന് തിരികെ ലഭിച്ചത് ജീവന്‍. ഇരുപത് മനിറ്റ് കൊണ്ട് 28 കിലോമീറ്ററാണ് പോലീസ് ജീപ്പ് കുഞ്ഞിനേയും കൊണ്ട് പാഞ്ഞത്. ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീര്‍ സ്വദേശി പുളിഞ്ചക്കാതടത്തില്‍ അനീഷിന്റെയും ജ്യോതിയുടെയും കുഞ്ഞാണ് പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടത്.

അസുഖം മൂര്‍ച്ഛിച്ചതോടെ പാറോത്തുംനീരില്‍ നിന്നു പരിചയമുള്ള ഒരു ഓട്ടോറിക്ഷയില്‍ കുഞ്ഞുമായി ദമ്പതികള്‍ ചെറുപുഴയിലെ ആശുപത്രിയിലെത്തി. തുടര്‍ന്ന് കുട്ടിയുടെ നില ഗുരുതരമാണെന്നും കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍ നിര്‍ദേശം നല്‍കി.

28 കിലോമീറ്ററുകള്‍ അപ്പുറം പയ്യന്നൂരിലെ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കണമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണിന്റെ ഭാഗമായി പോലീസ് പരിശോധനയുള്ളതിനാല്‍ ഓട്ടോറിക്ഷയുമായി പയ്യന്നൂരില്‍ പോകാന്‍ ഡ്രൈവര്‍ ബുദ്ധിമുട്ടറിയിച്ചു. ഇതോടെ ദമ്പതികള്‍ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായി.

ദമ്പതികളുടെ വിഷമം കണ്ട ഓട്ടോ ഡ്രൈവര്‍ ചെറുപുഴ പോലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്പെക്ടര്‍ എം.പി വിനീഷ് കുമാറിനോട് വിവരം അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സിനായി കാത്തു നില്‍ക്കാതെ സീനിയര്‍ പോലീസ് ഓഫീസര്‍ സുധീര്‍ കുമാറിനൊടും ഡ്രൈവര്‍ കെ മഹേഷിനോടും കുട്ടിയെ എത്രയും വേഗം പയ്യന്നൂരിലുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ഇന്‍സ്പെക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതോടെ ഇരുവരും ചേര്‍ന്ന് കുഞ്ഞിനെയും മാതാപിതാക്കളെയും പോലീസ് വണ്ടിയില്‍ കയറ്റി പയ്യന്നൂരിലുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 28 കിലോമീറ്റര്‍ 20 മിനിറ്റ് കൊണ്ട് സഞ്ചരിച്ചാണ് കുട്ടിയെ പോലീസ് ആശുപത്രിയില്‍ എത്തിച്ചത്. കൃത്യ സമയത്ത് ചികിത്സ ലഭിച്ചതിനാല്‍ നവജാത ശിശു സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News