33.4 C
Kottayam
Friday, May 3, 2024

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ‘മാലാഖ’യുമായി കേരളാ പോലീസ്

Must read

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി കേരളാ പോലീസ്. ‘മാലാഖ’ എന്ന പേരിലാണ് ബോധവല്‍ക്കരണ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടര മാസം നീളുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍, പോലീസുദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.

ഈ മാസം 15 മുതല്‍ മാര്‍ച്ച് 31 വരെ നീളുന്ന തരത്തിലാണ് വിവിധ തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അതതു ജില്ലാ പോലീസ് മേധാവികള്‍ക്കാണ് പരിപാടികളുടെ മേല്‍നോട്ടച്ചുമതല. അതിക്രമങ്ങള്‍ക്കെതിരേ സന്ദേശങ്ങള്‍ പതിപ്പിച്ച ‘വാവ എക്സ്പ്രസ്’ എന്ന പേരിലുള്ള പ്രചരണവാഹനം സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും. ഇതിനുപുറമേ ഒപ്പുശേഖരണം, ഘോഷയാത്രകള്‍, സാംസ്‌കാരിക പരിപാടികള്‍, നാടകങ്ങള്‍, തെരുവുനാടകങ്ങള്‍, മണല്‍ ചിത്രരചന, ചലച്ചിത്ര- ടെലിവിഷന്‍ താരങ്ങളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികള്‍, പോലീസ് ബാന്‍ഡ്/കുതിര പോലീസ് എന്നീ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികള്‍, പോലീസിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പൊതുജന അവബോധ പരിപാടികള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഘോഷയാത്രകള്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ, ജനശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള പൊതുപരിപാടികള്‍ എന്നിവ നടക്കും. പ്രതിജ്ഞ, കൂട്ടയോട്ടം, മെഴുകുതിരി ജാഥ എന്നിവയും സംഘടിപ്പിക്കും.

പോലീസിന്റെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ വഴി വീടുകളില്‍ ഇത്തരം അവബോധ സന്ദേശങ്ങള്‍ എത്തിക്കും. സംസ്ഥാനത്തെ എല്ലാ പോലീസുദ്യോഗസ്ഥരും വിപുലമായ ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week