26.5 C
Kottayam
Saturday, April 27, 2024

കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളം സുസജ്ജം; കൂടുതല്‍ സൈനിക സഹായം ഉടന്‍ ലഭ്യമാകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

Must read

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാനം സുസജ്ജമായെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് മേയ് മാസത്തില്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2018ലെ പ്രളയത്തിന്റെ അനുഭവത്തിലാണ് സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുങ്ങള്‍ നടത്തിയത്. കേരളം ആവശ്യപ്പെട്ട പ്രകാരം ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ബാച്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഭോപ്പാല്‍, നീലഗിരി എന്നിവിടങ്ങളില്‍ നിന്ന് സൈനികര്‍ എത്തുന്നുണ്ട്. ഭോപ്പാലില്‍നിന്നും 60 പേര്‍ വീതമുള്ള നാല് ബാച്ചുകള്‍ ഉടന്‍ എത്തും. നീലഗിരിയില്‍ നിന്നുള്ള രണ്ട് ബാച്ചുകള്‍ പാലക്കാടേക്കാണ് എത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും വിലയിരുത്തുന്നതിനും വിവിധ വകുപ്പ് മേധാവികളും സേനാമേധാവികളും തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടുതല്‍ ശക്തിപ്പെടുന്ന മഴയാണ് ആളുകളെ ആശങ്കപ്പെടുത്തുന്നത്.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങളില്‍പ്പെട്ട് ഇന്ന് 9 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മലപ്പുറത്തെ എടവണ്ണയിലെ ഒതായിയില്‍ വീട് ഇടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേര്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. മാഫുല്‍ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.

ഇതിനിടെ, വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തകര്‍ ഒരു മൃതദേഹം കണ്ടെത്തി. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. സൈന്യവും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കണ്ണൂര്‍ ഇരിട്ടി കിളിയന്തറ ടൗണില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളം ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വില്ലന്‍പാറ സ്വദേശി ജോയി ആണ് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week