31.1 C
Kottayam
Saturday, May 18, 2024

മാധ്യമങ്ങളോട് ക്ഷോഭിച്ച് റോഷി അഗസ്റ്റിൻ, മാണിയെ അഴിമതിക്കാരനാക്കിയ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം നാക്കുപിഴയെന്ന് കേരള കോണ്‍ഗ്രസ്

Must read

കോട്ടയം:കെ.എം.മാണി അഴിമതിക്കാരനാണെന്ന സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകന്റെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന തീരുമാനത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗം. രാഷ്ട്രീയ പരിജ്ഞാനമില്ലാത്ത അഭിഭാഷകന് സംഭവിച്ചത് നാക്കുപിഴയാണെന്ന രീതിയിൽ വിഷയം ലഘൂകരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

കെ.എം.മാണി അഴിമതിക്കാരനാണെന്ന കാര്യം സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിട്ടില്ല. അതിനാൽ ഇക്കാര്യത്തിൽ പരസ്യപ്രതികരണം വേണ്ടെന്ന നിലപാടാണ് കേരള കോൺഗ്രസ് നേതൃത്വം എടുത്തിരിക്കുന്നത്. പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം അല്പ സമയത്തിനകം ആരംഭിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പടെയുളള കേരള കോൺഗ്രസ് എമ്മിന്റെ നേതാക്കൾ യോഗത്തിനായി എത്തിയിട്ടുണ്ട്. പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റിയോഗത്തിന് ശേഷം മാത്രമേ കെ.എം.മാണിക്കെതിരായ സർക്കാർ അഭിഭാഷകന്റെ പരാമർശത്തിൽ കൃത്യമായ നിലപാട് കേരള കോൺഗ്രസ് വ്യക്തമാക്കുകയുളളൂ.

ഈ വിഷയത്തിൽ പാർട്ടിയുടെ നിലപാട് പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടെന്നാണ് ജോസ് കെ.മാണി പ്രതികരിച്ചത്. മന്ത്രി റോഷി അഗസ്റ്റിനോടും മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും മാധ്യമപ്രവർത്തകരോട് മന്ത്രി ക്ഷുഭിതനായി. ഒടുവിൽ ‘പാർട്ടി യോഗം ചേർന്നതിന് ശേഷം ഞങ്ങൾ പ്രതികരിക്കും. ചെയർമാൻ പറഞ്ഞിതനപ്പുറത്തോട്ട് എനിക്ക് ഒന്നും പറയാനില്ല’ എന്നുപറഞ്ഞ് അദ്ദേഹം യോഗസ്ഥലത്തേക്ക് കയറിപ്പോവുകയാണ് ഉണ്ടായത്.

ഇക്കാര്യത്തിൽ ഒരു പരസ്യപ്രതികരണത്തിന് പോയാൽ അത് സിപിഎമ്മുമായി അതൃപ്തിക്കിടയാക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം സ്റ്റീഫൻ ജോർജ് ഇക്കാര്യം സംബന്ധിച്ച് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. പരാമർശത്തിലുളള പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും പരാമർശം പിൻവലിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബാർകോഴ കേസിൽ കെ.എം.മാണിയെ കുടുക്കിയത് യുഡിഎഫ് കേന്ദ്രങ്ങളാണെന്ന രീതിയിൽ ഇതിനെ പ്രതിരോധിക്കാനാണ് കേരള കോൺഗ്രസിന്റെ തീരുമാനം. രമേശ് ചെന്നിത്തലയാണ് കെ.എം.മാണിക്കെതിരായ അന്വേഷണത്തിന് ഉത്തരവിട്ടത്. മാണിക്കെതിരേ കോൺഗ്രസ് തീർത്ത കുരുക്ക് പ്രതിപക്ഷം ഉപയോഗിച്ചു. ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം മാണിക്കെതിരേ രണ്ട് അന്വേഷണങ്ങൾ നടത്തിയെങ്കിലും ക്ലീൻചിറ്റ് നൽകിയിരുന്നു. അതിനാൽ ഇടത് കെ.എം.മാണിയെ ദ്രോഹിച്ചിട്ടില്ലെന്ന നിലപാടാണ് കേരള കോൺഗ്രസിനുളളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week