KeralaNews

ടി.പി.ആര്‍. കുറയ്ക്കാന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ,മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ടി.പി.ആര്‍. കൂടിയ 6 ജില്ലകളിലെ യോഗം ചേര്‍ന്നു

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്. ജില്ലാ കളക്ടര്‍മാരും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്ത് നിലവിലെ അവസ്ഥയും ഇനി ചെയ്യേണ്ട കാര്യങ്ങളും വിലയിരുത്തി.

ടി.പി.ആര്‍. നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഈ ജില്ലകളെല്ലാം ടെസ്റ്റിംഗ് ടാര്‍ജറ്റ് കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ പരമാവധി കൂട്ടണം. ക്വാറന്റൈനും കോണ്ടാക്ട് ട്രെയ്‌സിംഗും ശക്തമാക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ ഡി.സി.സി.കളിലേക്ക് മാറ്റേണ്ടതാണ്. ഡി.സി.സി.കളും സി.എഫ്.എല്‍.ടി.സി.കളും ശക്തിപ്പെടുത്തണം. അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കണം. ഇതോടൊപ്പം അവബോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതാണ്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തി. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി പ്രതിരോധം തീര്‍ക്കണം. ഇതിനായി വാക്‌സിനേഷന്‍ പ്രക്രിയ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാര്‍, ലാബ് സര്‍വയലന്‍സ് ടീം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker