FootballKeralaNewsSports

കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്സ്, ചെന്നൈയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്

മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ചെന്നൈയിൻ എഫ്.സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ വിജയം.

ബ്ലാസ്റ്റേഴ്സിനുവേണ്ടി ഡയസ് പെരേര, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ എന്നിവർ ലക്ഷ്യം കണ്ടു. പുതിയ സീസണിൽ അപരാജിത കുതിപ്പ് തുടരുന്ന ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചുനിന്നു. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ശേഷം തുടർച്ചയായി ആറുമത്സരങ്ങൾ തോൽവി അറിയാതെ പൂർത്തിയാക്കിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം കവർന്നു. ഈ വിജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

കഴിഞ്ഞ മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റിയെ തകർത്ത അതേ ടീമിനെ തന്നെ ഇറക്കിയാണ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് ചെന്നൈയിനെതിരേയും വിജയം നേടിയത്. ഈ തോൽവിയോടെ ചെന്നൈയിൻ പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് വീണു.

മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ആക്രമിച്ച് കളിക്കാനാണ്് ശ്രമിച്ചത്. എന്നാൽ ആദ്യ എട്ടുമിനിട്ടിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിനും ചെന്നൈയിനും സാധിച്ചില്ല. പക്ഷേ കിട്ടിയ ആദ്യ അവസരം തന്നെ ഗോളാക്കി മാറ്റി ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ ഞെട്ടിച്ചു. ഡയസ് പെരേരയാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി വലകുലുക്കിയത്.

ഒൻപതാം മിനിട്ടിലാണ് ഗോൾ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്ത് സ്വീകരിച്ച ലാൽത്താത്താങ ഖൗൾഹ്രിങ് ചെന്നൈയിൻ പ്രതിരോധതാരങ്ങൾക്ക് മുകളിലൂടെ പെരേരയെ ലക്ഷ്യമായി മനോഹരമായ പാസ് നൽകി. പാസ് സ്വീകരിച്ച് മുന്നേറിയ പെരേര ഗോൾകീപ്പർ വിശാൽ കെയ്ത്തിന് ഒരു സാധ്യതയും കൽപ്പിക്കാതെ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് പന്ത് അടിച്ചുകയറ്റി ബ്ലാസ്റ്റേഴ്സിന് നിർണായക ലീഡ് സമ്മാനിച്ചു. തകർപ്പൻ ഫിനിഷിലൂടെയാണ് താരം ഗോളടിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും പെരേര ഗോളടിച്ചത് ടീമിന്റെ പ്രതീക്ഷകൾക്ക് ചിറകുകൾ നൽകി.

തൊട്ടുപിന്നാലെ 12-ാം മിനിട്ടിൽ ചെന്നൈയിന്റെ മിർലാൻ മുർസേവ് ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പന്ത് ക്രോസ് ബാറിലിടിച്ച് തെറിച്ചു. റഫറി അത് ഓഫ് സൈഡ് വിളിക്കുകയും ചെയ്തു. 25-ാം മിനിട്ടിൽ ജെസ്സെൽ കാർനെയ്റോയുടെ ബോക്സിൽ നിന്നുള്ള ക്ലിയറൻസ് സ്ഥാനം തെറ്റി നേരെ ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക് വന്നു. സെൽഫ് ഗോളാകുമെന്ന് തോന്നിച്ചെങ്കിലും അസാമാന്യമായ സേവിലൂടെ ഗോൾകീപ്പർ ഗിൽ അത് രക്ഷിച്ചു.

28-ാം മിനിട്ടിൽ പെരേരയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ ചെന്നൈയിൻ ഗോൾപോസ്റ്റിന് വെളിയിലൂടെ കടന്നുപോയി. തൊട്ടടുത്ത മിനിട്ടിൽ അഡ്രിയാൻ ലൂണയ്ക്കും മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളായി മാറിയില്ല.

30-ാം മിനിട്ടിൽ ചെന്നൈയിന്റെ ജർമൻ പ്രീത് സിങ്ങിന് തുറന്ന അവസരം ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് അവിശ്വസനീയമായി പുറത്തേക്ക് പോയി. ഗോളവസരം സൃഷ്ടിച്ച മുർസേവിന് അമ്പരപ്പോടെ മാത്രമേ ഇത് നോക്കി നിൽക്കാനായുള്ളൂ.

പിന്നാലെ 38-ാം മിനിട്ടിൽ ചെന്നൈയിനെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡുയർത്തി. മലയാളി താരം അബ്ദുൾ സഹൽ സമദാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി വലകുലുക്കിയത്. വാസ്ക്വസിന്റെ പാസ് സ്വീകരിച്ച് ബോക്സിനകത്തേക്ക് മുന്നേറിയ സഹലിന്റെ ഗോൾപോസ്റ്റിലേക്കുള്ള ആദ്യ ശ്രമം ചെന്നൈയിൻ പ്രതിരോധതാരം റീഗൻ സിങ് വിഫലമാക്കി. എന്നാൽ റീഗന്റെ ക്ലിയറൻസ് തിരിച്ച് സഹലിന്റെ കാലിലേക്ക് തന്നെയാണ് വന്നത്. കിട്ടിയ അവസരം നന്നായി വിനിയോഗിച്ച സഹൽ പന്ത് അനായാസം വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളടിക്കാൻ സഹലിന് സാധിച്ചു. ആദ്യപകുതി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ ബ്ലാസ്റ്റേഴ്സിന്റെ വാസ്ക്വസിന് തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ വിശാൽ കെയ്ത്ത് രക്ഷപ്പെടുത്തി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു

രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങൾ ചെന്നൈയിൻ കൊണ്ടുവന്നു. ചങ്തെയ്ക്ക് പകരം സലം സിങ്ങിനെയും വ്ലാഡിമിർ കോമാന് പകരം ലൂക്കാസ് ഗിക്കിയേവിച്ചിനെയും ഇറക്കി ചെന്നൈയിൻ ആക്രമണത്തിന് ശക്തികൂട്ടി.

50-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്സ് നായകൻ ജെസ്സെൽ കാർനെയ്റോയുടെ ഗോളെന്നുറച്ച തകർപ്പൻ ലോങ്റേഞ്ചർ ചെന്നൈയിൻ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 70-ാം മിനിട്ടിൽ ചെന്നൈയിന്റെ പ്രതിരോധതാരം ഡാംയാനോവിച്ചിന് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

79-ാം മിനിട്ടിൽ ചെന്നൈയിന്റെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളടിച്ചു. പ്ലേ മേക്കർ അഡ്രിയാൻ ലൂണയാണ് ഇത്തവണ മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്. ബോക്സിനകത്തേക്ക് പന്തുമായി മുന്നേറിയ ലൂണ വാസ്ക്വസിന് പാസ് നൽകി. എന്നാൽ വാസ്ക്വസിലേക്കെത്തും മുൻപ് ചെന്നൈ പ്രതിരോധമതിലിൽ തട്ടി പന്ത് തിരിച്ച് ലൂണയിലേക്ക് തന്നെയെത്തി. കിട്ടിയ അവസരം മുതലെടുത്ത ലൂണയുടെ തീയുണ്ട പോലെയുള്ള ഷോട്ട് ഗോൾവല തുളച്ചു. ലൂണയുടെ ഷോട്ട് നോക്കി നിൽക്കാനേ ഗോൾകീപ്പർ വിശാലിന് സാധിച്ചുള്ളൂ. ഇതോടെ ബ്ലാസ്റ്റേഴ്സ് വിജയമുറപ്പിച്ചു.

പിന്നീട് നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ ചെന്നൈയിൻ ശ്രമിച്ചെങ്കിലും പാറപോലെ ഉറച്ച ബ്ലാസ്റ്റേഴ്സ് പ്രതിരോധം അതെല്ലാം വിഫലമാക്കി. വൈകാതെ മഞ്ഞപ്പട സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker