CricketFeaturedNewsSports

ശ്രീശാന്ത് എറിഞ്ഞിട്ടു, ഉത്തപ്പ അടിച്ചു തകർത്തു, ബീഹാറിനെതിരെ കേരളത്തിന് തകർപ്പൻ ജയം

ബെംഗളൂരു:വിലക്കിനു ശേഷമുള്ള തിരിച്ചുവരവിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി മറ്റൊരു തകർപ്പൻ ബോളിങ് പ്രകടനവുമായി പേസ് ബോളർ എസ്. ശ്രീശാന്ത്. ടൂർണമെന്റിൽ ഇതുവരെ കേരളത്തെ താങ്ങിനിർത്തിയ ബാറ്റ്സ്മാന്‍മാരുടെ ഉജ്വല പ്രകടനം പിന്നാലെ. ഫലം, വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽനിന്ന് നാലാം ജയം കുറിച്ച കേരളം നോക്കൗട്ട് സാധ്യത സജീവമാക്കി. കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കർണാടകയോട് ഏറ്റ പരാജയത്തിന്റെ നിരാശ മറന്ന് ബിഹാറിനെയാണ് കേരളം തകർത്തുവിട്ടത്. ഒൻപതു വിക്കറ്റിനാണ് കേരളത്തിന്റെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 40.2 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്തായി. 149 റൺസിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം 41.2 ഓവറുകൾ ബാക്കിനിർത്തി ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ഇതോടെ, എലീറ്റ് ഗ്രൂപ്പ് സിയിൽ കേരളം 16 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയാണ് കേരളം നോക്കൗട്ട് സാധ്യത സജീവമാക്കിയത്.
32 പന്തിൽ നാലു ഫോറും 10 സിക്സും സഹിതം 87 റൺസുമായി പുറത്താകാതെ നിന്ന റോബിൻ ഉത്തപ്പയുടെ ട്വന്റി20യേയും വെല്ലുന്ന പ്രകടനമാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. വിഷ്ണു വിനോദ് 12 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 37 റൺസെടുത്തു. സഞ്ജു സാംസൺ ഒൻപത് പന്തിൽ രണ്ടുവീതം സിക്സും ഫോറും സഹിതം 24 റൺസുമായി പുറത്താകാതെ നിന്നു.

149 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവർ അതിവേഗ തുടക്കമാണ് സമ്മാനിച്ചത്. ട്വന്റി20 മത്സരത്തെയും അതിശയിക്കുന്ന പ്രകടനവുമായി തകർത്തടിച്ച ഇരുവരും വെറും 29 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 76 റൺസ്. 10 ഓവറിനുള്ളിൽ കേരളം വിജയലക്ഷ്യം മറികടക്കും എന്ന നിലയിൽ മുന്നേറുമ്പോൾ, വിഷ്ണു വിനോദിനെ വീഴ്ത്തി ക്യാപ്റ്റന്‍ അശുതോഷ് അമനാണ് കൂട്ടുകെട്ട് പൊളിച്ചത്. 12 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 37 റൺസെടുത്താണ് വിഷ്ണു മടങ്ങിയത്. തൊട്ടുപിന്നാലെ ഇരു ടീമുകളും ഉച്ചഭക്ഷണത്തിനായി കയറി.

സഞ്ജു സാംസണിന്റെ കൂട്ടിൽ തിരിച്ചെത്തിയ ഉത്തപ്പ, തുടർന്നും തകർത്തടിച്ചതോടെ കേരളം അനായാസം വിജയത്തിലെത്തി. ഇരുവരും ചേർന്ന് പിരിയാത്ത രണ്ടാം വിക്കറ്റിൽ വെറും 24 പന്തിൽനിന്ന് അടിച്ചെടുത്തത് 73 റൺസ്! സഞ്ജു ഒൻപത് പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 24 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ, സീസണിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടം ചെറിയ വ്യത്യാസത്തിൽ വഴുതിപ്പോയെങ്കിലും, നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ മികവിലാണ് കേരളം ബിഹാറിനെ 148 റൺസിൽ ഒതുക്കിയത്. ടോസ് നേടി ബിഹാറിനെ ബാറ്റിങ്ങിന് അയച്ച കേരളം, 9.4 ഓവർ ബാക്കിനിൽക്കെയാണ് എതിരാളികളെ ചെറിയ സ്കോറിൽ എറിഞ്ഞൊതുക്കിയത്. കേരളത്തിനായി ശ്രീശാന്ത് ഒൻപത് ഓവറിൽ 30 റൺസ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. ഇതിനിടെ രണ്ട് മെയ്ഡൻ ഓവറുകളും ശ്രീശാന്ത് എറിഞ്ഞു. ജലജ് സക്സേന 10 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി മൂന്നും എം.ഡി നിധീഷ് എട്ട് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി. അക്ഷയ് ചന്ദ്രനാണ് ശേഷിച്ച വിക്കറ്റ്.

89 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 64 റൺസെടുത്ത ബാബുൽ കുമാറാണ് ബിഹാറിന്റെ ടോപ് സ്കോറർ. ഒരുവേള അഞ്ചിന് 74 റൺസ് എന്ന നിലയിൽ തകർന്ന ബിഹാറിനെ, ആറാം വിക്കറ്റിൽ ക്യാപ്റ്റൻ അശുതോഷ് അമനൊപ്പം (39 പന്തിൽ 18) ബാബുൽ കൂട്ടിച്ചേർത്ത 46 റൺസാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. യശ്വസി ഋഷവ് (26 പന്തിൽ 19), വാലറ്റത്ത് സാബിർ ഖാൻ (14 പന്തിൽ പുറത്താകാതെ 17) എന്നിവരുടെ പ്രകടനങ്ങളും ബിഹാറിന് തുണയായി.

നേരത്തെ, തന്റെ ആദ്യ ഓവറിൽത്തന്നെ ഒരു പന്തിന്റെ ഇടവേളയിൽ ഓപ്പണർമാരായ മംഗൽ മഹ്റൂർ (നാല് പന്തിൽ ഒന്ന്), എസ്. ഗാനി (0) എന്നിവരെ പുറത്താക്കിയ ശ്രീശാന്ത് കേരളത്തിന് തകർപ്പൻ തുടക്കത്തമാണ് സമ്മാനിച്ചത്. രണ്ടു പേരും ശ്രീശാന്തിന്റെ പന്തിൽ ക്ലിനി്‍ ബൗൾഡായി. പിന്നീസ് ഷഷീം റാത്തോർ (10 പന്തിൽ മൂന്ന്), വികാസ് രഞ്ജൻ (20 പന്തിൽ 10) എന്നിവരെയും ശ്രീശാന്ത് തന്നെ പുറത്താക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker