തൃശൂര്‍:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാലു സിപിഎം നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ബാങ്ക് ഭരണസമിതി പ്രസിഡന്റ് കെ.കെ.ദിവാകരന്, പ്രതികളായ ബിജു കരീം, ജില്‍സ്,സുനില്‍കുമാര്‍ എന്നിവരെയാണ് പുറത്താക്കിയത്. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി.
മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ.ചന്ദ്രനെ ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തു.ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ആര്.വിജയ, ഉല്ലാസ് എന്നിവരെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. 300 കോടി രൂപയുടെ കരുവന്നൂര്‍ ബാങ്ക് വായ്പത്തട്ടിപ്പു കേസില്‍ സിപിഎം ഭാരവാഹികളും ജീവനക്കാരും ഉള്‍പ്പെടെ 4 പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണെന്നാണു സൂചന.
ബാങ്കിന്റെ സെക്രട്ടറിയും സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ടി.ആര്.സുനില്‍ കുമാര്‍, മുന്‍ മാനേജരും പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായ സി.കെ.ജില്‍സ്, കമ്മിഷന് ഏജന്റ് എ.കെ.ബിജോയ് എന്നിവരാണു കസ്റ്റഡിയിലായത്. എന്നാല്‍, പ്രതികളെ പിടികൂടിയിട്ടില്ലെന്നും ഇവര്‍ ഒളിവില്‍ തന്നെയാണെന്നും ക്രൈംബ്രാഞ്ച് എസ്പി കെ.എസ്.സുദര്ശന് അറിയിച്ചു.