NationalNews

‘കർണാടകയിൽ താമസിക്കുന്നവർ കന്നഡ മാത്രം സംസാരിക്കണം, മറ്റൊരു ഭാഷയും സംസാരിക്കരുത്’- സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ താമസിക്കുന്നവര്‍ എല്ലാവരും കന്നഡ മാത്രം സംസാരിക്കാൻ തീരുമാനമെടുക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നഡയല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാനും കർണാടകയിൽ താമസിക്കുന്ന ആളുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിധാന സൗധിന്‍റെ പടിഞ്ഞാറെ കവാടത്തില്‍ നന്ദാദേവി ഭുവനേശ്വരിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള ഭൂമിപൂജാ ചടങ്ങിനു ശേഷം നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കന്നഡ സാംസ്കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കർണാടക നാമകരണ സുവർണ മഹോത്സവത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഭാഷയും ദേശവും വെള്ളവും സംരക്ഷിക്കേണ്ടത് ഓരോ കന്നഡിഗൻ്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാവരും മാതൃഭാഷ സംസാരിക്കുന്നത് അഭിമാനത്തോടെയായിരിക്കണമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. .

“കന്നഡക്കാർ ഉദാരമതികളാണ്. അതുകൊണ്ടാണ് കന്നഡ പഠിക്കാതെ അന്യഭാഷ സംസാരിക്കുന്നവർക്ക് പോലും ജീവിക്കാൻ കഴിയുന്ന അന്തരീക്ഷം കർണാടകയിലുള്ളത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ ഇതേ അവസ്ഥ കാണാൻ കഴിയില്ല. അവർ അവരുടെ മാതൃഭാഷയില്‍ മാത്രമേ മറ്റുള്ളവരോട് സംസാരിക്കൂ. നമുക്കും നമ്മുടെ മാതൃഭാഷയില്‍ സംസാരിക്കണം. അതില്‍ നാം അഭിമാനിക്കണം” അദ്ദേഹം വ്യക്തമാക്കി.

കന്നഡ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. അതിന് സംസ്ഥാനത്ത് താമസിക്കുന്നവരെല്ലാം കന്നഡ പഠിക്കണം. കന്നഡ ഭാഷയോടുള്ള സ്നേഹം വളർത്തിയെടുക്കണം. നമ്മുടെ ഭാഷയോടും ദേശത്തോടും രാജ്യത്തോടും ബഹുമാനവും ആദരവും വളർത്തിയെടുക്കണമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button