മൈസൂരു: മാണ്ഡ്യയിലെ കെ.ആർ. പേട്ട് മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥി കെ.സി. നാരായണഗൗഡയുടെ അനുയായികൾ നൽകിയ സാരികൾ ഉപേക്ഷിച്ച് വോട്ടർമാർ. പോളിങ് ദിനമായ ബുധനാഴ്ചയാണ് സാരികൾ ഉപേക്ഷിച്ചത്. കെ.ആർ. പേട്ടിലെ ഗജ്ജിഗെരെ ഗ്രാമത്തിലാണ് സംഭവം.
പ്രചാരണവേളയിലാണ് ബി.ജെ.പി. സ്ഥാനാർഥിയുടെ അനുയായകൾ സാരികൾ വിതരണം ചെയ്തതെന്ന് ഗ്രാമവാസികൾ പറയുന്നു. സാരികൾക്കൊപ്പം കോഴിയും നൽകിയിരുന്നു. എന്നാൽ, സാരി ലഭിച്ച വോട്ടർമാരിൽ ചിലർ പോളിങ് ദിനത്തിൽ രാവിലെ അവ നാരായണഗൗഡയുടെ ഒരു അനുയായിയുടെ വീടിനുമുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ ബി.ജെ.പി.ക്കെതിരേ മുദ്രാവാക്യവും മുഴക്കി. അതേസമയം, സംഭവത്തിൽ നാരായണഗൗഡയോ ബി.ജെ.പി. നേതൃത്വമോ പ്രതികരിച്ചിട്ടില്ല.
2018-ൽ ജെ.ഡി.എസ്. ടിക്കറ്റിൽ ജയിച്ച നാരായണഗൗഡ പിന്നീട് ഓപ്പറേഷൻ കമലയിലൂടെ ബി.ജെ.പി.യിലെത്തുകയായിരുന്നു. തുടർന്ന് 2019-ലെ ഉപതിരഞ്ഞെടുപ്പിൽ ജയിക്കുകയും കായികമന്ത്രിയാകുകയും ചെയ്തു. 2013 മുതൽ നാരായണഗൗഡ പ്രതിനിധാനംചെയ്യുന്ന മണ്ഡലമാണ് കെ.ആർ. പേട്ട്. അതിനാൽ, ഇക്കുറിയും മണ്ഡലം തനിക്കൊപ്പം നിൽക്കുമെന്ന ഉറച്ചപ്രതീക്ഷയിലാണ് നാരായണഗൗഡ.