27.8 C
Kottayam
Thursday, May 30, 2024

‘കർണൻ സഹിച്ച അപമാനം ഇനി വേണ്ട; രേഖകളിൽ അമ്മയുടെ പേരു മാത്രമായാലും മതി’നിര്‍ണ്ണായക വിധിയുമായി ഹൈക്കോടതി

Must read

കൊച്ചി: ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും അമ്മയുടെ പേരു മാത്രം ഉൾപ്പെടുത്താൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകുന്നതിനു മുൻപേ അമ്മയായ ഒരു സ്ത്രീയുടെ മകൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. ജനന സർട്ടിഫിക്കറ്റിലും സ്കൂൾ രേഖകളിലും പാസ്പോർട്ടിലുമുള്ള പിതാവിന്റെ പേരു നീക്കം ചെയ്ത് അമ്മയുടെ പേരു മാത്രം ചേർത്തു നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയിലെത്തിയത്.

ഹർജിക്കാരന്റെ തിരിച്ചറിയൽ രേഖകളിൽ ഓരോന്നിലും പിതാവിന്റെ പേര് വ്യത്യസ്തമായാണു രേഖപ്പെടുത്തിയിരുന്നത്. ദുരൂഹ സാഹചര്യത്തിൽ, അജ്ഞാതനായ വ്യക്തി പീഡിപ്പിച്ചതിനെ തുടർന്നാണു ജന്മം നൽകിയ മാതാവ് ഗർഭിണിയാതെന്നു ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

അവിവാഹിതയായ അമ്മയുടെ കുട്ടി രാജ്യത്തിന്റെ പൗരനാണെന്നും ആർക്കും ഭരണഘടന ഉറപ്പു നൽകുന്ന അവകാശം ഹനിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതിജീവിതകളുടെയും അവിവാഹിതകളുടെയും മക്കളുടെ സ്വകാര്യത, അന്തസ്സ്, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങൾ നിഷേധിക്കാൻ അധികൃതർക്ക് കഴിയില്ല. സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുമ്പോൾ അവർ അനുഭവിക്കുന്ന മനോവ്യഥയെക്കുറിച്ച് ആലോചിക്കണം.

കുന്തി വെളിപ്പെടുത്തുന്നതുവരെ മാതാപിതാക്കളാരെന്നറിയാത്ത കർണൻ അനുഭവിക്കുന്ന മനോവിഷമം വേദവ്യാസൻ മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. ഈ കഥയെ ആസ്പദമാക്കി മാലി മാധവൻ നായർ രചിച്ച ‘കർണശപഥം’ ആട്ടക്കഥയിലെ ‘‘എന്തിഹ മൻമാനസേ… ’’ എന്നു തുടങ്ങുന്ന പദത്തിൽ കർണന്റെ മാനസിക സംഘർഷം വിവരിച്ചിട്ടുണ്ട്. ഈ പദം കലാമണ്ഡലം ഹൈദരാലി പാടി കലാമണ്ഡലം ഗോപി അവതരിപ്പിക്കുമ്പോൾ കഥകളി പ്രേമികളല്ലാത്തവർപ്പോലും കണ്ണീരണിയും.

മാതാപിതാക്കൾ ആരെന്നറിയാതെ അപമാനിതനായതിന്റെ പേരിൽ സ്വന്തം ജന്മത്തെ ശപിക്കുന്ന കർണന്മാരില്ലാത്ത സമൂഹമാണ് നമുക്കു വേണ്ടത്. ഭരണഘടനയും ഭരണഘടനാ കോടതികളും സംരക്ഷിക്കുമെന്നതിനാൽ പുതിയ കാലത്തെ കർണന്മാർക്ക് മറ്റുള്ളവരെപ്പോലെ അന്തസ്സോടെ ജീവിക്കാനാവുമെന്നും കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week