27.7 C
Kottayam
Monday, April 29, 2024

കരമനയിലെ ദുരൂഹമരണങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും; ബന്ധുക്കളെന്ന് അവകാശപ്പെട്ടവരെ ചോദ്യം ചെയ്യും

Must read

തിരുവനന്തപുരം: കൂടത്തായിലെ കൊലപാതക പരമ്പരയോട് സാദൃശ്യമുണ്ടെന്ന് സംശയിക്കുന്ന കരമനയിലെ ദുരൂഹ മരണങ്ങളില്‍ നാളെ പ്രത്യേക സംഘം അന്വേഷണം തുടങ്ങും. ദുരൂഹ മരണങ്ങളിലും സ്വത്ത് കേസിലുമാണ് വിശദമായ അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ദുരൂഹ മരണങ്ങള്‍ നടന്ന കൂടത്തില്‍ കുടുംബത്തിന്റെ സ്വത്ത് തിട്ടപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കും. ബന്ധുക്കളെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരെ അന്വേഷണ വിധേയമായി ആദ്യം ചോദ്യം ചെയ്യും. ജയമാധവന്റെ മരണശേഷം ബന്ധുക്കളെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരെയാണ് ചോദ്യം ചെയ്യുക. കൂടുതല്‍ ദുരൂഹതകളുള്ള രണ്ട് മരണങ്ങളിലും സ്വത്ത് കൈമാറ്റത്തിലുമാണ് വിശദമായ അന്വേഷണം നടത്തുക.

30 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാന്‍ തലസ്ഥാനത്തു കൂടത്തായി മാതൃകയില്‍ കൊലപാതകപരമ്പര നടന്നതായാണ് സംശയം. കരമന, കാലടി കുളത്തറയില്‍ കൂടത്തില്‍ (ഉമാമന്ദിരം) തറവാട്ടിലെ ഏഴുപേരുടെ മരണത്തിലാണ് ദുരൂഹത. കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയ ബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരങ്ങളായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍, വേലുപ്പിള്ളയുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവരുടെ മരണമാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പ്രസന്നകുമാരി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിപ്രകാരമാണു പോലീസ് കേസെടുത്തത്. തന്റെ ഏകമകന്‍ പ്രകാശനാണു സ്വത്തുക്കളുടെ അവകാശിയെന്നു പ്രസന്നകുമാരി മുഖ്യമന്ത്രിക്കുള്‍പ്പെടെ നല്‍കിയ പരാതിയില്‍ പറയുന്നു.

നഗരത്തില്‍ കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണു കുടുംബത്തിനുള്ളത്. കുടുംബത്തിലെ തുടര്‍ച്ചയായ മരണങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ട് കാലടി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ആര്‍. അനില്‍കുമാര്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 11നു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു കുടുംബാംഗമായ പ്രസന്നകുമാരി മുഖ്യമന്ത്രിക്കു വിശദമായ പരാതി നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week