കണ്ണൂര്‍: കാമുകനുമായി ജീവിക്കാന്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകന്‍ തൂങ്ങി മരിച്ചുവെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ശരണ്യയുടെ കാമുകന്‍ തൂങ്ങി മരിച്ചു എന്ന കുറിപ്പോടെ ഇയാളുടെ ചിത്രങ്ങള്‍ സഹിതമാണ് പ്രചരണം നടന്നത്. ഈ വ്യാജ പ്രചരണത്തെ തുടര്‍ന്ന് പണികിട്ടിയത് കണ്ണൂര്‍ സിറ്റി പോലീസിനാണ്. കാരണം ഇയാള്‍ ആത്മഹത്യ ചെയ്‌തോ എന്ന് ചോദിച്ചു കൊണ്ടുള്ള ഫോണ്‍ കോളുകള്‍ക്ക് മറുപടി കൊടുത്ത് മടുത്തിരിക്കുകയാണ് പോലീസ്.
ശരണ്യ കുട്ടിയെ കൊലപ്പെടുത്തിയതില്‍ കാമുകനും പങ്കുണ്ട് എന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോ വ്യാജ പ്രചരണം അഴിച്ചു വിടുകയായിരുന്നു. വിദേശ രാജ്യങ്ങളിലടക്കം മലയാളികള്‍ അംഗമായ പല ഗ്രൂപ്പുകളിലും സന്ദേശം പ്രചരിക്കുന്നുണ്ട്. നിധിനോടുള്ള ജനരോഷമാണ് ഇതിന് പിന്നിലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. നിധിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം ഭയന്ന് നിധിന്‍ ബന്ധുവീട്ടില്‍ ഒളിച്ചു കഴിയുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കയ്യില്‍ കിട്ടിയാല്‍ കായികമായി കൈകാര്യം ചെയ്യുമെന്ന് നാട്ടുകാര്‍ പരസ്യമായി വെല്ലുവിളിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായത് വളരെ രഹസ്യമായിട്ടാണ്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം ശരണ്യക്ക് മറ്റ് ബന്ധങ്ങളും ഉണ്ടായിരുന്നതായി ശരണ്യയുടെ കാമുകന്‍ നിധിന്‍ പോലീസിന് പ്രാഥമികമായി നല്‍കിയ മൊഴിയില്‍ പറഞ്ഞു. പാലക്കാട് സ്വദേശിയായ ഒരു യുവാവുമായിട്ടാണ് ബന്ധം. ഈ ബന്ധവും ഫെയ്സ് ബുക്ക് വഴിയാണ് ആരംഭിച്ചതെന്നാണ് നിധിന്‍ പോലീസിനോട് പറഞ്ഞത്. ശരണ്യയുടെ ഫോണിന്റെ പാസ്‌വേര്‍ഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ഫോണ്‍ പരിശോധിക്കുകയും മെസ്സേജുകള്‍ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടതെന്നും ഇയാള്‍ പറയുന്നു.
നിധിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശരണ്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. ഇതിനായി കണ്ണൂര്‍ സിറ്റി പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. കൂടാതെ ശരണ്യയുടെ കഴിഞ്ഞ ആറുമാസത്തെ ഫോണ്‍ കോളുകള്‍ പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ശരണ്യയെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. ശരണ്യയെ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ നിധിനുമായുള്ള സാമ്പത്തിക ഇടപാടിന്റെയും മറ്റും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.