പാലക്കാട്: വനിതാഡോക്ടറെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആശുപത്രിയിലെത്തി കടന്നുപിടിച്ചെന്നുമുള്ള പരാതിയില്‍ സിനിമാതാരമായ കണ്ണന്‍ പട്ടാമ്പിക്ക് എതിരെ പോലീസ് കേസെടുത്തു. അതേസമയം, വനിതാ ഡോക്ടര്‍ നല്‍കിയിരിക്കുന്നത് വ്യാജപരാതിയാണെന്നും അവരുടെ കീഴില്‍ പ്രമേഹത്തിന് ചികിത്സയിലായിരുന്ന തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും കണ്ണന്‍ സ്വകാര്യമാധ്യമത്തോട് വെളിപ്പെടുത്തി. തന്റെ ഇരുവൃക്കകളുടേയും പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിച്ചതോടെയാണ് ഇവര്‍ക്കെതിരെ കോടതിയില്‍ പരാതി നല്‍കിയതെന്നും കണ്ണന്‍ പട്ടാമ്പി പറയുന്നു.
കണ്ണന്‍ പട്ടാമ്പിയുടെ വാക്കുകള്‍:
പ്രമേഹരോഗത്തിന് ഈ വനിതാ ഡോക്ടര്‍ ജോലി ചെയ്യുന്ന സേവന ഹോസ്പിറ്റലിലെതന്നെ ഡോ. പത്മകുമാറിന്റെ കീഴില്‍ ചികിത്സയിലായിരുന്നു ഞാന്‍. അദ്ദേഹം അവിടുന്ന് മാറി പോയതിനുശേഷമാണ് പരാതിക്കാരിയായ ഡോക്ടറുടെ അടുക്കല്‍ ഞാന്‍ തുടര്‍ചികിത്സ തേടുന്നത്. അന്ന് അവര്‍ പേരിനോടൊപ്പം എം.ബി.ബി.എസ്., എം.ഡി. ഡയബറ്റോളജിസ്റ്റ് എന്ന ബോര്‍ഡ് വച്ചിട്ടുണ്ടായിരുന്നു. അവരുടെ ചികിത്സയ്ക്ക് ശേഷവും രോഗശമനമുണ്ടായില്ല.
തുടര്‍ന്നുള്ള രക്തപരിശോധനയിലാണ് ക്രിയാറ്റിന്‍ കൂടുതലാണെന്ന് അറിയുന്നത്. ഡോക്ടറുടെ കുറിപ്പടിയിലുള്ള മരുന്നുകള്‍ അവിടുത്തെ ഫാര്‍മസിയില്‍നിന്നുതന്നെയാണ് ഞാന്‍ എടുത്തിരുന്നത്. എന്നാല്‍ ഒരു ദിവസം പുറത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍നിന്നാണ് മരുന്ന് വാങ്ങിയത്. അതിന്റെ ഉടമ ഒരു ഫാര്‍മസ്റ്റോളജിസ്റ്റാണ്. പ്രിസ്‌ക്രിപ്ഷനില്‍ കുറിച്ചിരുന്ന ടാബ്ലെറ്റുകള്‍ ഉറക്കഗുളികകളാണെന്നാണ് അയാള്‍ എന്നോട് പറഞ്ഞത്.
എന്റെ സുഹൃത്തും മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. റഹ്മാന്‍ പറഞ്ഞിട്ടാണ് ഇവര്‍ക്ക് എം.ഡി. ബിരുദം ഇല്ലെന്ന് ഞാന്‍ അറിയുന്നത്. തുടര്‍ന്ന് വിവാരാാവകാശ നിയമപ്രകാരം ടി.സി.എം.സിയില്‍ നിന്ന് വിവരങ്ങള്‍ തേടിയിരുന്നു. ടി.സി.എം.സി തന്ന മറുപടിയില്‍ അവര്‍ എം.ബി.ബി.എസ്. ബിരുദം തന്നെ രജിസ്റ്റര്‍ ചെയ്തത് 2018 ലാണ്. എം.ഡി. ബിരുദം രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ടായിരുന്നില്ല. എന്നിട്ടും 2012 മുതല്‍ അവര്‍ സേവനയില്‍ ഡോക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്. ഇതിനിടയില്‍ അവരുടെ കീഴില്‍ ചികിത്സയിലുണ്ടായിരുന്ന കാരക്കാട്ട് ബഷീര്‍ എന്നൊരാള്‍ മരണപ്പെട്ടിരുന്നു. ചികിത്സാപിഴവാണെന്ന് കാണിച്ച് കാരക്കാട്ടുകാര്‍ അന്ന് ഹോസ്പിറ്റലില്‍ വലിയ പ്രശ്നമുണ്ടാക്കിയിരുന്നു. ആ വിഷയത്തെ തുടര്‍ന്നാണ് അവര്‍ എം.ബി.ബി.എസ്. ബിരുദംപോലും രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് ഞാന്‍ പട്ടാമ്പി മുനിസിഫ് കോടതിയില്‍ ഇവര്‍ക്കെതിരെ കേസ് കൊടുത്തു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് അന്വേഷണം നടത്തി. എന്റെ പരാതി ശരിയാണെന്ന് ബോദ്ധ്യപ്പെട്ട പോലീസ് അവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തിരുന്നു. ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം എടുത്തതുകൊണ്ടാണ് അവര്‍ക്കിപ്പോഴും പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നത്.
ഡോക്ടറുടെ ചികിത്സാ പിഴവുമൂലം എന്റെ രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനത്തെ അത് സാരമായി ബാധിച്ചിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഞാനിപ്പോഴും. ഈ ദുരനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് കരുതിയിട്ടാണ് ഇവരുടെ വ്യാജബിരുദത്തിനെതിരെ ഫേസ്ബുക്കില്‍ ഞാന്‍ ലൈവ് വന്നത്. അതാണവരെ പ്രകോപിപ്പിച്ചത്.
ഡോക്ടര്‍തന്നെ പറയുന്ന പ്രകാരം ഒന്നര വര്‍ഷംമുമ്പ് അവര്‍ പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ ഞാന്‍ ശാരീരിക പീഡനം നടത്തിയെന്ന് പറയുന്നില്ല. എന്തിനേറെ മൂന്നാഴ്ച മുമ്പ് അവര്‍ വീണ്ടും ഒരു പരാതി കൊടുത്തിരുന്നു. ആ പരാതിയിലും ഞാന്‍ അവരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നുവെന്നും അവരുടെ പ്രൊഫഷനെപ്പോലും കടന്നാക്രമിക്കുന്നരീതിയിലുള്ള പ്രവര്‍ത്തനങ്ങളുണ്ടാകുന്നുവെന്നുമാണ് പറഞ്ഞത്. അതിലും ശാരീരിക പീഡനം ആരോപിച്ചിട്ടില്ല. ഇപ്പോള്‍ എനിക്കെതിരെ നല്‍കിയിരിക്കുന്ന ശാരീരികപീഡനക്കേസ് മറ്റാരുടെയോ ഉപദേശത്തില്‍ ചെയ്തതാണ്. കേസ് ശക്തിപ്പെടണമെങ്കില്‍ ഇന്നത്തെ അവസ്ഥയില്‍ കുറഞ്ഞത് ശാരീരിക പീഡനം വേണമെന്നാണല്ലോ.
ഞാന്‍ അവരുടെ ഹോസ്പിറ്റലില്‍, ഒ.പി. നടന്നുകൊണ്ടിരിക്കുന്ന സമയത്ത് കയറി ആക്രമിച്ചു എന്നാണ് പരാതിയില്‍ ഉള്ളത്. അങ്ങനെയൊരു പരാതി ഉണ്ടായിരുന്നുവെങ്കില്‍ ഹോസ്പിറ്റല്‍ അധികൃതര്‍ മുഖേന അവര്‍ക്ക് പോലീസില്‍ പരാതിപ്പെടാമായിരുന്നു. എങ്കില്‍ ഈ കേസിന് ഇതിനേക്കാള്‍ ശക്തി വരുമായിരുന്നു. ഇതവര്‍ക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ അതില്‍ ഒട്ടും സത്യം ഇല്ലെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ക്കുതന്നെ അറിയാം. അതൊക്കെ മറച്ചുവച്ചുകൊണ്ടാണ് അവര്‍ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ ഞാനും അപേക്ഷിച്ചിട്ടുണ്ട്. തിങ്കളാഴ്ച കേസ് വച്ചിരുന്നതാണ്. പക്ഷേ അത് നീട്ടിവച്ചിട്ടുണ്ട്.
എന്നെ കള്ളക്കേസില്‍ കുടുക്കിയാല്‍പോലും അവര്‍ക്കെതിരെയുള്ള നിയമനടപടികളുമായി ഞാന്‍ മുന്നോട്ട് പോവുകതന്നെ ചെയ്യും. കണ്ണന്‍ പട്ടാമ്പി പറഞ്ഞു.