കൊച്ചി:അന്തരിച്ച ബോളിവുഡ് നടന്മാരായ ഇർഫാൻ ഖാനും ഋഷി കപൂറിനുമെതിരെ അപകീർത്തികരമായ ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായ നടനും സിനിമ നിരൂപകനുമായ കമാൽ ആർ ഖാൻ എന്ന കെ ആർ കെ എക്കാലവും വിവാദനായകനായിരുന്നു . സെലിബ്രിറ്റികൾക്കെതിരായ കെആർകെയുടെ അതിരുവിട്ട വിമർശനങ്ങൾ പലതും മുൻപും വിവാദമായിരുന്നു. അമിതാബ് ബച്ചൻ മുതൽ ഷാറൂഖ് ഖാനും ആമിർ ഖാനും വരെ ഇദ്ദേഹത്തിന്റെ പരിഹാസത്തിന് ഇരയായിട്ടുണ്ട്.
മലയാളികളുടെ അഭിമാന താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമെതിരെ ഇദ്ദേഹത്തിന്റെ വിമർശനം ആരാധകരെ ചൊടിപ്പിച്ചിരുന്നു. മമ്മൂട്ടിയെ സി ക്ലാസ് നടനാണെന്നായിരുന്നു പരിഹസിച്ചത്. ഇതിനെതിരെ ശക്തമായാണ് ആരാധകർ പ്രതികരിച്ചത്.മോഹൻലാല്‍ ഭീമനായി അഭിനയിക്കുന്നതിനെതിരെ ‘മോഹന്‍ലാല്‍ ഭീം അല്ല ഛോട്ടാ ഭീം’ ആണെന്നായിരുന്നു കമാൽ ആർ ഖാന്റെ പരിഹാസം. ഇതിനെതിരെ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം രൂക്ഷമായി പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളിൽ കെആർകെക്കെതിരെ ട്രോളുകള്‍ നിറഞ്ഞു. ഫേസ്ബുക്ക് ഹാക്ക് ചെയ്യുന്നതിലേക്ക് വരെ അത് നീണ്ടു. ഒടുവില്‍ മോഹന്‍ലാലിനോട് മാപ്പ് പറയേണ്ടി വന്നു.’
മോഹൻലാൽ സർ, നിങ്ങളെ ഛോട്ടാ ഭീം എന്നു വിളിച്ചതിന് മാപ്പ്. കാരണം എനിക്ക് നിങ്ങളെ അത്ര അറിയില്ലായിരുന്നു. ഇപ്പോൾ ഞാൻ അങ്ങയുടെ താരമൂല്യം മനസ്സിലാക്കുന്നു. മലയാള സിനിമയിലെ ഒരു സൂപ്പർ താരമാണെന്നും മനസ്സിലാക്കുന്നു” എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്നുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഷാറൂഖ് ഖാനും കരൺ ജോഹറിനുമെതിരായ കെആർകെയുടെ ഫേസ്ബുക്ക് പോസ്റ്റും വിവാദമായിരുന്നു. ‘ഷാരൂഖ്-കരൺ ജോഹർ ജോഡികള്‍ക്ക് തന്റെ ആശംസകള്‍’ എന്നായിരുന്നു വിവാദ പോസ്റ്റ്.നേരത്തെ ആമിര്‍ ഖാന്റെ പരാതിയെ തുടർന്ന് കെആർകെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയിരുന്നു.
തിരികെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞായിരുന്നു അന്ന് രംഗത്തെത്തിയത്. തന്റെ ചിത്രമായ സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ സസ്‌പെന്‍സ് കെആര്‍കെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ആമിര്‍ ഖാനെ ചൊടിപ്പിച്ചത്.രാധെ എന്ന സൽമാൻ ഖാൻ ചിത്രത്തിന് കെആർകെ മോശം റിവ്യു നൽകുകയും വ്യക്തിപരമായ അധിക്ഷേപം നടത്തുകയും ചെയ്തതോടെ സൽമാൻ ഖാൻ മാനനഷ്ടക്കേസ് നൽകി. ഇതോടെ സൽമാനെ നശിപ്പിക്കുമെന്നും ഒടുവിൽ ടെലിവിഷൻ സീരിയലുകളിൽ അഭയം തേടേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പുമായാണ് കെആർകെ എത്തിയത്.തമിഴ് സൂപ്പർ താരം അജിത് നായകനായി ശിവ സംവിധാനം ചെയ്ത വിവേകം ലോകവ്യാപകമായി റിലീസ് ചെയ്തപ്പോഴും രൂക്ഷ വിമര്‍ശനവുമായി കെആർകെ രംഗത്തെത്തിയിരുന്നു.
അജിത്തിന് വയസ്സായെന്നും അദ്ദേഹത്തിന് പറ്റുന്നത് അച്ഛൻ വേഷങ്ങളാണെന്നുമായിരുന്നു വിമര്‍ശനം. ”വയസ്സന്മാര്‍ ബോളിവുഡില്‍ അച്ഛന്‍ വേഷങ്ങളാണ് ചെയ്യുന്നത്. അവിടെ അജിത്തിനും അതേ കിട്ടൂ. തമിഴ്‌നാട്ടുകാര്‍ അജിത്തിനെപ്പോലുള്ളവരെ നായകന്മാരാക്കുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ല” എന്നായിരുന്നു ട്വീറ്റ്.വിദ്യാ ബാലന്‍, പരിണീതി ചോപ്ര, സ്വര ഭാസ്‌കര്‍, സൊണാക്ഷി സിന്‍ഹ, സണ്ണി ലിയോണ്‍, പ്രിയങ്ക ചോപ്ര എന്നിങ്ങിനെ കെആര്‍കെയുടെ അധിക്ഷേപത്തിന് ഇരയായ നടിമാരും ഒട്ടേറെയുണ്ട്.