ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി കമല്‍ഹാസന്‍; തമിഴ്നാടും ഇത്തരം ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നുവെന്ന് ട്വീറ്റ്

ചെന്നൈ: തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് സൂപ്പര്‍താരവും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍ രംഗത്ത്. ട്വിറ്ററിലാണ് കമല്‍ ആര്യയെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നാണ് കമല്‍ ട്വിറ്ററില്‍ എഴുതിയത്.

തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റു. മൂന്ന് സ്വതന്ത്രരുടെ പിന്തുണ അടക്കം 54 വോട്ട് നേടിയാണ് ആര്യാ രാജേന്ദ്രന്‍ മേയറായത്. ബി.ജെ.പിക്ക് 39 വോട്ടുണ്ട്. 9 പേരാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചത്. യു.ഡി.എഫിന്റെ ഒരംഗം വോട്ടെടുപ്പിന് ഹാജരായിരുന്നില്ല.

ആര്യയെ അഭിനന്ദിച്ച് സിനിമാ-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗത്തുള്ള നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ആര്യ രാജേന്ദ്രനെ സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്. ജമീല ശ്രീധരനായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News