പാലക്കാട്: വ്യാജരേഖ ചമച്ച് അധ്യാപക ജോലി നേടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യ. കേസില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അഗളി പോലീസ് സ്‌റ്റേഷനില്‍നിന്ന് മണ്ണാര്‍ക്കാട് കോടതിയിലേക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴായിരുന്നു പ്രതികരണം.
‘നിങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. നിയമപരമായി തന്നെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. കെട്ടിച്ചമച്ചതാണെന്ന് എനിക്കും അറിയാം നിങ്ങള്‍ക്കും അറിയാം. ഏതറ്റം വരേയും മുന്നോട്ടുപോകും’, വിദ്യ പറഞ്ഞു.
താന്‍ വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്ന് മൊഴി നല്‍കിയ വിദ്യ പക്ഷേ ബയോഡാറ്റ തയ്യാറാക്കിയത് താന്‍ തന്നെയാണെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. ഈ ബയോഡാറ്റയില്‍ മഹാരാജാസ് കോളേജിലെ പ്രവൃത്തിപരിചയം അവകാശപ്പെടുന്നുണ്ട്. ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മറുപടി നല്‍കാന്‍ വിദ്യ തയ്യാറായില്ല. കോടതിയിലേക്കാണ് പോകുന്നതെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു മറുപടി.
കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. ഹൈക്കോടതി കെ.വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ.വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
സംശയ നിവാരണത്തിന് അട്ടപ്പാടി കോളജ് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്നു മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജൂൺ 6ന് എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് പിന്നീട് പാലക്കാട് അഗളി പൊലീസിനു കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു കേസിലുള്ളത്.