സ്വകാര്യബസില്‍ ബസിൽ 17 കാരന് നേരെ ലൈംഗിക അതിക്രമം;വീഡിയോ സഹിതം പരാതി

പത്തനംതിട്ട: സ്വകാര്യബസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. അടൂരില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള യാത്രയ്ക്കിടെയാണ് 17-കാരന് നേരേ മധ്യവയസ്‌കന്‍ അതിക്രമം കാട്ടിയത്. സംഭവത്തില്‍ വീഡിയോദൃശ്യങ്ങള്‍ സഹിതം 17-കാരന്‍ പരാതി നല്‍കി. പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തതായും വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ആളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ അടൂരില്‍നിന്ന് ബസില്‍ കയറിയ 17-കാരനാണ് യാത്രയ്ക്കിടെ ദുരനുഭവമുണ്ടായത്. ബസിലെ ഏറ്റവും പിന്‍നിരയിലെ സീറ്റിലാണ് കുട്ടി ഇരുന്നിരുന്നത്. യാത്രയ്ക്കിടെ മധ്യവയസ്‌കനായ ഒരാള്‍ കുട്ടിയുടെ അടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ശരീരത്തില്‍ മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നും സ്വകാര്യഭാഗത്തേക്ക് കൈകടത്താന്‍ ശ്രമിച്ചെന്നുമാണ് ആണ്‍കുട്ടിയുടെ പരാതി.

മധ്യവയസ്‌കന്റെ അതിക്രമം 17-കാരന്‍ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് കുട്ടി ബഹളംവെയ്ക്കുകയും ബസ് പോലീസ് സ്‌റ്റേഷനിലേക്ക് വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മധ്യവയ്‌സകന്‍ ഇതിനിടെ ബസില്‍നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ കൊടുമണ്‍ പോലീസാണ് പോക്‌സോ വകുപ്പകളടക്കം ചുമത്തി കേസെടുത്തിരിക്കുന്നത്. വീഡിയോദൃശ്യങ്ങളും പരാതിയിലെ വിവരങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ പ്രതിയുടെ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്നവിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News