തിരുവനന്തപുരം: പിഎച്ച്ഡി പ്രബന്ധവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയാണ് തന്റെ ഗവേഷണ പ്രബന്ധത്തിന് നിലവാരം പോരെന്ന ആരോപണത്തിന് അദ്ദേഹം മറുപടി പറഞ്ഞത്.
എനിക്കെതിരെ കൊണ്ടുവരുന്ന ആരോപണങ്ങള്‍ ഒന്നൊന്നായി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമ്പോള്‍ പുതിയ ആരോപണങ്ങളുമായി ശത്രുക്കള്‍ രംഗത്തുവരുന്നത് ഏതൊക്കെ വിധത്തിലാണ് അങ്ങാടിയില്‍ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കിട്ട് കയറുന്നത് പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചുവെന്നും മന്ത്രി ചോദിച്ചു.
തന്റെ ഗവേഷണ പ്രബന്ധത്തിന്റെ ഇംഗ്ലീഷിലുള്ള രണ്ടാം പതിപ്പ് ‘Revisiting Malabar Rebellion 1921’ എന്ന പേരില്‍ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പ്രസാധക കമ്പനികളിലൊന്നായ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ ഇ കോപ്പിയും ലഭ്യമാണ്. ചിന്താ പബ്ലിക്കേഷന്‍സ് പ്രബന്ധന്റെ മലയാള വിവര്‍ത്തനം ‘മലബാര്‍കലാപം ഒരു പുനര്‍വായന’ എന്ന തലക്കെട്ടിലും പുറത്തിറക്കിയിട്ടുണ്ട്. ഏഴു പതിപ്പുകള്‍ ഇതിനകം പ്രസ്തുത പുസ്തകം അച്ചടിച്ചുകഴിഞ്ഞു. ഇതിന്റെയും ഇ കോപ്പി റൈറ്റ് ഡിസി ബുക്‌സിനാണ് നല്‍കിയിട്ടുള്ളത്.
ആര്‍ക്കുവേണമെങ്കിലും പുസ്തകത്തിന്റെ കോപ്പികള്‍ ഡിസി ബുക്‌സിന്റെ ഷോറൂമുകളിലും ദേശാഭിമാനി ബുക്ക് ഹൗസുകളിലും ലഭിക്കും. തന്റെ പിഎച്ച്ഡി തിസീസ് മെച്ചപ്പെട്ടതാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവിടങ്ങളില്‍നിന്ന് വാങ്ങി വായിക്കാവുന്നതാണ്. താന്‍ പിഎച്ച്ഡി തിസീസ് ആരും കാണാതെ അട്ടത്ത് കെട്ടിവെക്കുകയല്ല ചെയ്തത്. ജനസമക്ഷം സമര്‍പ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.