കൊച്ചി : തലശേരി ബിഷപ്പ് ജോസഫ് പാംബ്ലാനിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കിയാൽ ബി ജെ പി യെ സഹായിക്കാമെന്ന വാഗ്ദാനമാണ് തലശേരി ബിഷപ്പ് നൽകിയിരിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി എല്ലാക്കാലവും മോദി സർക്കാർ പ്രവർത്തിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പാലാ ബിഷപ്പിനെതിരായ പി എഫ്ഐ നീക്കത്തിൽ മിണ്ടാത്ത ജോസ് കെ മാണിക്ക് ക്രൈസ്തവർക്കുവേണ്ടി സംസാരിക്കാൻ അവകാശമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. അതേസമയം സഭയ്ക്ക് രാഷ്ട്രീയമില്ലെന്നും റബ്ബർ കർഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാർ ആണെന്നും ജോസ് കെ മാണി പ്രതികരിച്ചിരുന്നു.
റബർ വിലയിടിവിൽ പ്രതികരിക്കാതെ വിദ്വേഷമുണ്ടാക്കാനാണ് എം വിഗോവിന്ദൻ ശ്രമിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. ഏത് തുറുപ്പുചീട്ട് ഇറക്കിയാലും ബിജെപി ആഗ്രഹിക്കുന്നത് നടക്കില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.
ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം പരിഹരിച്ച് തരുമെന്നാണ് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിൽ ആർച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനി വാഗ്ദാനം ചെയ്തത്. പറഞ്ഞത് കുടിയേറ്റ ജനതയുടെ വികാരമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരെ പ്രതിസന്ധിയിലാക്കുന്ന നയങ്ങൾ തിരുത്തണമെന്നാണ് തലശ്ശേരി ആർച്ച് ബിഷപ്പ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉദ്ദേശിച്ചത് എന്നാണ് താൻ മനസ്സിലാക്കുന്നത്. സഭയ്ക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നുമാണ് പ്രസംഗത്തോട് ജോസ് കെ മാണി പ്രതികരിച്ചത്.