സുല്‍ത്താന്‍ ബത്തേരി: ആദിവാസികള്‍ക്കൊപ്പം ഇരുന്ന് പ്രഭാത ഭക്ഷണം കഴിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അടിസ്ഥാന വര്‍ഗത്തിന്റെ വോട്ടുറപ്പിക്കാനുള്ള വിജയ യാത്രയ്ക്കിടെയാണ് കെ സുരേന്ദ്രന്‍ കോളനികള്‍ സന്ദര്‍ശിച്ചത്.
വയനാട് ബത്തേരി പുത്തന്‍കുന്നിലെ കോളനിയിലെത്തിയ സുരേന്ദ്രന്‍ ആദിവാസികള്‍ക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കുള്ളി, നഞ്ചി, ചാമ്പ, വെളിച്ചി തുടങ്ങി കോളനിയിലെ മുത്തശിമാര്‍ പരമ്പരാഗത നൃത്തം ചെയ്തും തുടികൊട്ടിയുമാണ് സുരേന്ദ്രനെ ആനയിച്ചത്. കോളനിവാസികളുമായി സംസാരിച്ച് അവരുടെ ഒപ്പമിരുന്ന് അവരുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ച് സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയ ശേഷമാണ് മടങ്ങിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ ഏറ്റെവും കൂടുതല്‍ വോട്ട് എന്‍ഡിഎയ്ക്ക് ലഭിച്ചത് സംവരണ മണ്ഡലമായ ബത്തേരിയിലായിരുന്നു. അതു കൊണ്ടുതന്നെ ജില്ലയിലെത്തിയ വിജയ യാത്രയുടെ ഏക സ്വീകരണ കേന്ദ്രം ബത്തേരിയാക്കാന്‍ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു. അതേസമയം, വോട്ട് തേടിയുള്ള പ്രഹസനം മാത്രമാണെന്ന വിമര്‍ശനവും കെ സുരേന്ദ്രനെതിരെ ഉയരുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികള്‍ അഴിഞ്ഞാടുന്നുവെന്ന വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍ പറഞ്ഞു. വയലാറിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. കൊലപാതകം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് സഹായിക്കുകയാണ്. ക്രൂരമായ കൊലപാതകത്തില്‍ സര്‍ക്കാരും കണ്ണടയ്ക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നതാണ് ബിജെപിയുടെ നിലപാടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുസ്ലിം ലീഗിനെ സ്വാഗതം ചെയ്തുള്ള ശോഭ സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അതേസമയം, ശബരിമലയില്‍ സര്‍ക്കാര്‍ ഭീകരാന്തരീക്ഷമുണ്ടാക്കി ഭക്തന്മാരെ ആക്രമിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഭീകരവാദികളുടെ സമരത്തെ ശബരിമല പ്രക്ഷോഭത്തോട് ചേര്‍ക്കുന്നത് അനീതിയാണ്. കേരളത്തില്‍ അധികാരം കിട്ടാന്‍ 35 സീറ്റുകള്‍ ധാരാളം മതി. ബിജെപിയുടെ പേരു പറഞ്ഞ് ചിലര്‍ അപ്പുറത്ത് വില പേശുന്നുവെന്നും സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.