ആലുവ: പൊലീസ് ആസ്ഥാനം ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാനുള്ള സ്ഥലമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവ നിയോജകമണ്ഡലത്തിൽ കീഴ്മാട് ഇടയപ്പുറത്ത് ആത്മഹത്യ ചെയ്ത എൽ.എൽ.ബി വിദ്യാർത്ഥിനിയായ മോഫിയ പർവീണിന്റെ വസതി സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബാഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും നീതി ലഭിയ്ക്കുവാനുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി. മോഫിയയോട് മോശമായി പെരുമാറിയ സിഐ സിഎൽ സുധീറിനെ സസ്പെൻഡ് ചെയ്യേണ്ടതിന് പകരം പൊലീസ് ഹെഡ്ക്വോർട്ടേഴ്സിലേക്ക് മാറ്റുകയാണ് സർക്കാർ ചെയ്തത്. പിണറായി വിജയൻ സർക്കാരിന്റെ പൊതുസമീപനം തന്നെ കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കലാണ്.
744 പൊലീസ് ഉദ്യോഗസ്ഥരാണ് ഗുരുതരമായ ക്രമിനൽ കേസുകളിൽ പ്രതികളായിട്ടും ഇപ്പോഴും കാക്കി യൂണിഫോമിൽ വിലസുന്നത്. നിരപരാധിയായ നിയമ വിദ്യാർത്ഥിയായ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം കാരണമാണ്. ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്.
അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചുവിടണം. ഉത്രവധക്കേസിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഈ പൊലീസുകാരനെ നേരത്തെ പുറത്താക്കിയിരുന്നെങ്കിൽ മോഫിയ രക്ഷപ്പെടുമായിരുന്നു. നിർഭാഗ്യവശാൽ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുകയാണ് സർക്കാരെന്നും സുരേന്ദ്രൻ പറഞ്ഞു.