ന്യൂഡൽഹി: ഡി.സി.സി അധ്യക്ഷ പട്ടിക വിശാലമായ ചർച്ചയ്ക്ക് ശേഷമാണ് തയ്യാറാക്കിയതെന്നും അതിനാൽ വിമർശനങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ചർച്ച നടത്തിയിട്ടില്ലെന്ന തരത്തിലുള്ള ഉമ്മൻചാണ്ടിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു സുധാകരൻ. ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു സുധാകരന്റെ വാർത്താ സമ്മേളനം.
ഉമ്മൻചാണ്ടിയുമായി രണ്ട് വട്ടം ചർച്ച നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഉമ്മൻചാണ്ടി നിർദേശിച്ച പേരുകളെഴുതിയ ഡയറിയും വാർത്താ സമ്മേളനത്തിൽ ഉയർത്തിക്കാട്ടി.
മുൻ കാലങ്ങളിൽ കോൺഗ്രസിൽ ഇതുപോലുള്ള യാതൊരു വിധ ചർച്ചകളും നടന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു . വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിൽ ഒരു തലത്തിലും തന്നോട് ചർച്ച നടത്താതെ സ്ഥാനാർഥി പട്ടിക, ഭാരവാഹികളുടെ പട്ടിക എന്നിവ ഹൈക്കമാൻഡിന് മുന്നിൽ സമർപ്പിച്ച് അംഗീകാരം വാങ്ങി വന്നതാണ് കഴിഞ്ഞ കാലത്തെ കീഴ്വഴക്കമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി
ഇത്തവണ സ്ഥിതി പതിവിന് വിപരീതമായിരുന്നു. പല തലത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നു. താനും ഉമ്മൻചാണ്ടിയും രണ്ട് വട്ടം ചർച്ച നടത്തിയിരുന്നു. അന്ന് ഉമ്മൻചാണ്ടി നിർദേശിച്ച് പേരുകളിലുള്ള പലരുമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ചർച്ച നടന്നിട്ടില്ലെന്ന ഉമ്മൻചാണ്ടിയുടെ ആരോപണം മനോവിഷമമുണ്ടാക്കി. വിമർശനങ്ങൾ സ്വാഭാവികമാണ്. പട്ടിക നൂറ് ശതമാനം കുറ്റമറ്റതെന്ന് പറയുന്നില്ല. പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾ ഉന്നയിക്കുന്ന പലരുടെയും കാലത്ത് എത്ര ചർച്ചകളാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.തന്നെ പോലെ ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെയല്ലാതെ കോൺഗ്രസിൽ വന്നവർ ഒത്തിരിപേരുണ്ട്. അതിനാൽ ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെ മാത്രമേ വരാൻ പാടുള്ളൂ എന്ന നിഷ്കർഷത മാറ്റിയപ്പോൾ അസ്വസ്ഥരായ ആളുകൾക്ക് അങ്ങനെയൊക്കെ പറയാമെന്നും അദ്ദേഹം പറഞ്ഞു .
കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന ആളുകൾ മാത്രം ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് ഇരിക്കണമെന്ന് മാത്രമാണ് പാർട്ടിയുടെ ആഗ്രഹം. ക്രിയാത്മകമായി പ്രവർത്തിക്കുന്ന നേത്യനിര അനിവാര്യമായതിനാലാണ് ചർച്ച. അല്ലെങ്കിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തലയോടും ചർച്ച നടത്തിയിരുന്നു. എന്നാൽ അദ്ദേഹം പട്ടിക തന്നില്ല. കോൺഗ്രസ് ഇന്ത്യ എന്ന മഹാരാഷ്ട്രത്തിന്റെ മിനിയേച്ചർ ആണ്. രാജ്യത്തിന്റെ വൈവിധ്യങ്ങൾ വൈരുധ്യങ്ങൾ എല്ലാം കോൺഗ്രസിനുള്ളിലുണ്ട്. ഒരു പ്രശ്നം വരുമ്പോൾ അത് അവരവരുടെ കാഴ്ചപാടിൽ നോക്കികാണുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.