കൊച്ചി:വാർത്താ സമ്മേളനത്തിൽ
മാധ്യമ പ്രവർത്തകരെ അപമാനിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. എകെജി സെന്ററിൽ നിന്നാണോ ശംബളം വാങ്ങുന്നതെന്ന് വനിതകളടക്കമുള്ള മാധ്യമ പ്രവർത്തകരോട്
സുധാകരൻ കയർത്തു. ചോദ്യങ്ങൾ ചോദിച്ചവരോടായിരുന്നു സുധാകരന്റെ ക്ഷോഭം
മാധ്യമ പ്രവർത്തകർ മാധ്യമ പ്രവർത്തകരായി ജോലി ചെയ്യണം. തന്നെ പേടിപ്പിക്കാൻ ശ്രമിക്കരുത്. ഏ.കെ.ജി സെന്ററിൽ നിന്നുള്ള ചോദ്യങ്ങളാണ് മാധ്യമ പ്രവർത്തകർ തന്നോട് ചോദിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് മാന്യതയില്ല.മാധ്യമ രംഗത്ത് സി.പി.എം മാഫിയാണുളളത്.തന്റെ അഭിമുഖം പോലും വളച്ചൊടിക്കുന്നു.തന്നെ ഗുണ്ടയായി ചിത്രീകരിക്കുന്നു,സുധാകരൻ പറഞ്ഞു.
പിണറായി വിജയനെ ബ്രണ്ണൻ കോളേജ് പഠന കാലത്ത് മർദ്ദിച്ചെന്ന കാര്യം അഭിമുഖത്തിൽ ഉൾപ്പെടുത്തില്ലെന്ന ഉറപ്പിന് മുകളിൽ വ്യക്തിപരമായി പറഞ്ഞതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലേഖകൻ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു. പിആർ ഏജൻസിയുടെ കൂട്ടിൽ നിന്ന് പുറത്തുവന്ന യഥാർത്ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. അദ്ദേഹത്തിന്റെ ഭാഷ പൊളിറ്റിക്കൽ ക്രിമിനലിന്റേതാണെന്നും സുധാകരൻ പറഞ്ഞു.
മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങൾ സുധാകരൻ നിഷേധിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപങ്ങളോട് അതേപോലെ മറുപടി പറയാൻ കഴിയില്ല. അഭിമുഖത്തിൽ വന്നതെല്ലാം ഞാൻ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. കുട്ടികളെ തട്ടികൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് വെളിപ്പെടുത്താത്തത്? എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് പരാതി നൽകിയില്ല? ആരോടും പറഞ്ഞില്ലെന്നാണ് പിണറായി പറഞ്ഞത്. സ്വന്തം ഭാര്യയോട് പോലും പറഞ്ഞിട്ടില്ല പോലും. സ്വന്തം മക്കളുടെ കാര്യം ഭാര്യയോട് പറയില്ലേ? ആരോപണം വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ കറൻസി ഇടപാട് എനിക്കല്ല പിണറായി വിജയനാണ്. ഇവിടെ കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. സ്വപ്ന സുരേഷിനെ നാല് വർഷം കൊണ്ട് നടന്നത് പിണറായി വിജയനാണ്. എന്നിട്ട് ചോദിക്കുമ്പോൾ ആരാ സ്വപ്ന എന്ന് തിരിച്ച് ചോദിക്കുന്നു. മണൽ മാഫിയ ബന്ധം എനിക്ക് ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ. അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ കൈയ്യിൽ ഭരണമുണ്ടല്ലോ. ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോർട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത ഞാൻ ആണോ മാഫിയ എന്ന് ജനം പറയട്ടെ.
നട്ടെല്ലുണ്ടെങ്കിൽ പിണറായി വിജയൻ എനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണം. ശുദ്ധമായ മനസ്സിന്റെ ഉടമസ്ഥനാകണം മുഖ്യമന്ത്രി. അതാണ് കേരളം ആഗ്രഹിക്കുന്നത്. ബ്രണ്ണൻ കോളേജിൽ എന്നെ നഗ്നനാക്കി നടത്തിയെന്ന ആരോപണം തെറ്റ്. ജീവിച്ചിരിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചാൽ അത് മനസിലാകും. പിണറായി ഏതോ സ്വപ്ന ലോകത്താണ്. ആരോപണം തെളിയിച്ചാൽ എല്ലാ പണിയും നിർത്താം.
ബ്രണ്ണൻ കോളേജിൽ വെച്ച് താൻ പിണറായി വിജയനെ ചവിട്ടിയിട്ടു എന്നത് പറയാത്ത കാര്യമാണ്. നടന്ന സംഭവം മാധ്യമപ്രവർത്തകൻ എന്നോട് പറഞ്ഞത്. മമ്പറം ദിവാകരൻ അടക്കം പാർട്ടി നേതാക്കൾ ഉന്നയിച്ചത് പിണറായി അന്വേഷിക്കട്ടെ. പാർട്ടിക്ക് അകത്ത് പാർട്ടി വിരുദ്ധർ ഉണ്ടാകും. പ്രശാന്ത് ബാബു എന്നെ ആക്രമിക്കാൻ അവസരം ഉണ്ടാക്കിക്കൊടുത്ത ആളാണ്. അന്ന് മുതൽ പാർട്ടിക്ക് പുറത്താണ്. മമ്പറം ദിവാകരൻ പാർട്ടിക്ക് അകത്തും പുറത്തുമല്ലാതെ നിൽക്കുന്ന ആളാണ്. തന്റെ ഭാഗത്ത് പിഴവുണ്ടായെങ്കിൽ തിരുത്തുമെന്നും സുധാകരൻ പറഞ്ഞു. മമ്പറം ദിവാകരനും എകെ ബാലനും ബ്രണ്ണൻ കോളേജിൽ വന്നത് 1971 ലാണ്. ഈ സംഭവം നടക്കുമ്പോൾ അവർ കോളേജിൽ ഇല്ല. പേരാമ്പ്ര സ്വദേശിയായ ഫ്രാൻസിസും പിണറായിയും തമ്മിൽ സംഘർഷം നടന്നിട്ടുണ്ട്. പിണറായി ഒരു പൊതുയോഗത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു. ഫ്രാൻസിസിനെ കുറിച്ച് മോശമായി സംസാരിച്ചപ്പോൾ അദ്ദേഹം തിരിച്ചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.