തിരുവനന്തപുരം: മുസ്ലിം ലീഗ് മുന്നണി വിട്ട് പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തുടക്കം മുതൽ മുന്നണിയുടെ നട്ടെല്ലായുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. ഓരോ കാര്യത്തിലും ഓരോ പാർട്ടിക്കും ഓരോ കാഴ്ചപ്പാടുണ്ടാകും. ആ കാഴ്ചപ്പാടിനെക്കുറിച്ച് പ്രതികരിക്കും. അതെല്ലാം രാഷ്ട്രീയ തീരുമാനമായി വരാറില്ല. അത് രാഷ്ട്രീയ മര്യാദയല്ലെന്നും കെ സുധാകരൻ പറഞ്ഞു.
സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയിൽ പങ്കെടുക്കേണ്ടെന്ന ലീഗിന്റെ തീരുമാനം ഉചിതമാണ്. കോൺഗ്രസ് ലീഗ് ബന്ധം തുടരും. പാർട്ടി തലത്തിൽ തീരുമാനം എടുക്കുമെന്നും സുധാകരൻ അറിയിച്ചു.
സിപിഐഎം കേരളം ഭരിക്കേണ്ടി വന്നതിൽ നമ്മളെല്ലാം ഖേദിക്കുന്നു. സിപിഐഎം രാഷ്ട്രീയ മര്യാദ പാലിക്കുന്നില്ല. പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിന്റെ കാര്യം പാർട്ടി തലത്തിൽ ചർച്ച ചെയ്യും. ഷൗക്കത്ത് സിപിഐഎമ്മിൽ പോകില്ല. നടപടി പാർട്ടി ആലോചിച്ചു ചർച്ച ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു.
സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കുന്നതിൽ യുഡിഎഫിൽ ആശങ്കകളുണ്ടായിരുന്നു. റാലിയിൽ സാങ്കേതികമായി പങ്കെടുക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു.
യുഡിഎഫിന്റെ ഭാഗമായി നില്ക്കുന്നതിനാല് മുന്നണിയുടെ അന്തസത്തക്ക് ചേരാത്ത കാര്യങ്ങള്‍ ചെയ്യില്ല. പലസ്തീന് ജനതക്കൊപ്പം നില്ക്കും. അത് പുതിയ കാര്യമല്ല. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അതിതമായി തീരുമാനമെടുക്കേണ്ട വിഷയം. പലസ്തീന് വിഷയത്തില്‍ എന്ത് പരിപാടി നടത്തിയാലും പിന്തുണ കൊടുക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും പരിപാടി നന്നായി നടക്കട്ടെയെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.