25.9 C
Kottayam
Tuesday, May 21, 2024

പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ കൂടുതൽ ജില്ലകളിലേക്ക്; തീരുമാനം സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍

Must read

തിരുവനന്തപുരം: പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ കൂടുതൽ ജില്ലകളിൽ നടത്താൻ സിപിഐഎം. മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കും. നവംബർ 11ലെ കോഴിക്കോട് നടക്കുന്ന റാലിക്ക് ശേഷമായിരിക്കും മറ്റു ജില്ലകളിൽ പരിപാടികൾ സംഘടിപ്പിക്കുക. സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ഈ ജില്ലകൾ ഒഴികെയുള്ള മറ്റ് വടക്കൻ ജില്ലകളിൽ പരിപാടി സംഘടിപ്പിക്കാത്തത് നവ കേരള സദസ്സിനെ ബാധിക്കുന്നതിനാലാണ്. തൃശൂരിൽ 15ന് പരിപാടി നടത്താനാണ് സിപിഐഎം ആലോചിക്കുന്നത്. കോഴിക്കോട് മാതൃകയിൽ ജില്ലയിൽ സംഘാടക സമിതി രൂപീകരിക്കും. ഒപ്പം തൃശൂരിൽ ലീഗ് ജില്ലാ നേതൃത്വത്തെ ക്ഷണിക്കുകയും ചെയ്യും. തിരുവനന്തപുരത്തെ പരിപാടിയിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാൻ പാർട്ടി ആലോചിക്കുന്നുണ്ട്.

അതേസമയം കോഴിക്കോട് സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള ക്ഷണം മുസ്ലിം ലീ​ഗ് നേതൃത്വം തള്ളി. കോൺ​ഗ്രസിന്റെ നിലപാടിനെതിരെ പ്രവർത്തിക്കേണ്ടെന്നാണ് നിലവിലെ തീരുമാനമെന്നാണ് വിവരം. കോഴിക്കോട്ടെ നിർണായക യോഗത്തിനു മുന്നോടിയായി പി കെ കുഞ്ഞാലിക്കുട്ടി പാണക്കാടെത്തി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കെ പി എ മജീദ്, എം കെ മുനീർ, കെ എം ഷാജി എന്നിവർ ലീ​ഗ് റാലിയിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പ് അറിയിച്ചെന്നാണ് വിവരം.

റാലിയിൽ പങ്കെടുക്കണമെന്നാണ് അഭിപ്രായമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതേ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇ ടി മുഹമ്മദ് ബഷീർ. പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. പാർട്ടി അതിനുമുകളിൽ തീരുമാനമെടുത്താൽ വിധേയനാകും. പറഞ്ഞതിനെക്കുറിച്ച് പലരീതിയിൽ വ്യാഖ്യാനിക്കാനാണ് ശ്രമം. രാഷ്ട്രീയമായ മാറ്റത്തെക്കുറിച്ച് ലീഗ് സ്വപ്നത്തിൽ പോലും ആലോചിച്ചിട്ടില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week