കേരള രാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യം, നിശ്ചയദാര്‍ഢ്യത്തിന്റെ പെണ്‍രൂപം വിശേഷണങ്ങള്‍ എത്ര ചാര്‍ത്തിയാലും മതിവരില്ല ഗൗരിയമ്മയ്ക്ക്. സ്ത്രീയെ കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റായ മാതൃകകളെ പൊളിച്ചടുക്കിയ സാക്ഷാല്‍ പെണ്‍സിംഹം. ശക്തമായ ആണ്‍കോയ്മ നിലനിന്നിരുന്ന കാലത്തായിരിന്നു ജനനം. കാലത്തെ വെല്ലുവിളിച്ചു നേടിയതാണ് ഇന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സുരക്ഷയും. ജീവതത്തേയും രാഷ്ട്രീയത്തേയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള് ആയി കണ്ട ധീരവനിത. ഓരോ അണുവിലും രാഷ്ട്രീയ നിലപാട് മുഖം നോക്കാതെ പ്രതിഫലിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഇടതുപക്ഷ പാളയത്തിന്റെ അപൂര്‍വ്വതകളില്‍ കാലം രേഖപ്പെടുത്തിയ പേരാണ് കെ ആര് ഗൗരിയമ്മ.
നിരോധനാജ്ഞ കാലത്തെ ഗൗരിയമ്മയുടെ ജയില്‍ ജീവിതം അത്രമേല്‍ അവിസ്മരിപ്പിക്കുന്നതാണ്. കേരളത്തെ അത് ഇളക്കി മറിച്ചിരുന്നു. പോലീസ് രാജിനെ കുറിച്ച് പിന്നീടവര്‍ പ്രതികരിച്ചത്, ‘ലാത്തിക്ക് ബീജമുണ്ടായിരുന്നു എങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു’ എന്നാണ്. അറ്ലൃശേലൊലി േ കമ്യുണിസ്റ്റിലേക്കുള്ള രൂപപ്പെടല്‍ നിരോധനങ്ങളുടെ കാലത്ത് കമ്യുണിസ്റ്റ് ആശയങ്ങള്‍ക്ക് നെഞ്ചകം തുറന്ന് കൊടുത്ത ജനതയാണ് ആലപ്പുഴക്കാര്. തങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗ്ഗമായ കയറിനൊപ്പം കമ്യുണിസവും ഇഴപൊട്ടാതെ അവര്‍ പിരിച്ചെടുത്തു.
അത്തരത്തില്‍ ചുവപ്പ് ആഴത്തില്‍ വേരാഴ്ത്തിയ ആലപ്പുഴയുടെ മണ്ണില്‍ നിന്നാണ് കളത്തില്‍ പറമ്പില്‍ രാമന് ഗൗരിയമ്മയുടെ നിലപാട് തറ രൂപപ്പെട്ട് വന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ ചുവപ്പിന്റെ വഴിയിലേക്ക് ആകൃഷ്ടയായി. കുടുംബ പശ്ചാത്തലവും അതിന് ആക്കം കൂട്ടി. നിയമ ബിരുദം കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ ഈഴവ പെണ്‍കുട്ടിയും ഗൗരിയമ്മ തന്നെ. സമ്പന്ന കുടുംബത്തിന്റെ കൊടിക്കൂറകള്‍ അവരെ ആകര്‍ഷിച്ചതേ ഇല്ല. പകരം ചെളിയിലാണ്ട മനുഷ്യര്‍ക്ക് ഒപ്പം നിന്നു. പ്രിയപ്പെട്ടവരുടെ ശവശരീരം പായയില്‍ പൊതിഞ്ഞ് കെട്ടി ആറ്റില്‍ താഴ്ത്തേണ്ടി വന്നിരുന്ന ജനതക്ക് താങ്ങായി നിന്നു. ആറടി മണ്ണുപോലുമില്ലാത്തവര്‍ക്ക് സ്വന്തം ഭൂമി എന്ന സ്വപ്നം സാക്ഷത്കരിക്കുന്നതിന് ഗൗരിയമ്മ വഹിച്ച പങ്ക് വളരെ വലുതാണ്. ഇച്ഛാശക്തിയുടെ രാഷ്ട്രീയ ജീവിതം 1957ല്‍ ലോകത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്യുണിസ്റ്റ് മന്ത്രിസഭയുടെ റവന്യു മന്ത്രിയായി.
അങ്ങനെ ചരിത്രത്തില്‍ ഗൗരിയമ്മയും കൂടുതല്‍ വ്യക്തമായി എഴുതപ്പെട്ടു. സഹചാരിയായ സഖാവ് ടി വി തോമസ്സിനെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം 1957ല്‍ തന്നെ ജീവിത പങ്കാളിയാക്കി. അതിലൂടെ വീണ്ടും കപട സാമൂഹിക രീതികളുടെ മുകളില്‍ വിപ്ലവ പതാക പാറിച്ചു. 1964ലില്‍ പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ ടി വി തോമസ്സും ഗൗരിയമ്മയും രണ്ടു ചേരികളിലായി. വ്യക്തി ജീവിതത്തിനേക്കാള്‍ ആശയങ്ങളെ അവര്‍ അത്രമാത്രം ഹൃദയത്തിലേറ്റിയിരുന്നു. ജീവിത നേട്ടങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ ജീവിതം ക്രമപ്പെടുത്തുന്നവര്‍ക്ക് ഗൗരിയമ്മ അസാമാന്യ മാതൃകയാണ്.
1994ല്‍ സി പി ഐ എമ്മില്‍ നിന്നും പുറത്തായി. ആലപ്പുഴ ജില്ലാ വികസന സമിതി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പുറത്താക്കല്‍ നടപടിയിലേക്ക് നയിച്ചത്. എംവിആറും കെ കരുണാകരനും ചേര്‍ന്ന് ഒരുക്കിയ രാഷ്ട്രീയ കെണിയായിരുന്നു ഇതെന്നാണ് പാര്‍ട്ടി നിരീക്ഷണം. ഈ കെണിയില്‍ ഗൗരിയമ്മ വീണു എന്നതായിരുന്നു പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പ്രമേയം. എന്നാല്‍ പുറത്താക്കപ്പെടും മുന്‍പ് തന്നെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയിരുന്നു. തല്‍ഫലമായി ജെ എസ്സ് എസ്സിന് രൂപം കൊടുത്തു.
ജനാധിപത്യ സംരക്ഷണ സമിതിയിലൂടെ (ജെഎസ്എസ്) ഗൗരിയമ്മ തന്റെ ജന പിന്തുണ പാര്‍ട്ടിക്ക് വെളിപ്പെടുത്തി കൊടുത്തു. ഒന്നില്‍ നിന്നും ഒരായിരമായി ആ വികാരം ആലപ്പുഴയില്‍ ആഞ്ഞ് വീശി. തുടര്‍ന്ന് ജെ എസ്സ് എസ്സ് കാട്ടുതീ പോലെ പാര്‍ട്ടി കോട്ടകളില്‍ പോലും പടര്‍ന്നു പിടിച്ചു. ഇത് സി പി എമ്മിനുണ്ടാക്കിയ വെല്ലുവിളി വളരെ വലുതായിരുന്നു. വലതുപക്ഷവും ചുവന്ന മനസ്സും ‘കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഒറ്റക്കല്ല’ എന്നിങ്ങനെ ഉള്ള മുദ്രാവാക്യങ്ങള്‍ പാര്‍ട്ടിയെ പിടിച്ചു കുലുക്കിയിരുന്നു. യുഡിഎഫ് പാളയത്തിലേക്ക് പോയ ജെ എസ്സ് എസ്സ് ആദ്യ കാലങ്ങളില്‍, ആലപ്പുഴയില്‍ പാര്‍ട്ടിയുടെ വേരറുത്തു.
2001ഇല് യുഡിഎഫ് മന്ത്രി സഭയില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ചുവന്ന മനസ്സുമായി വലത് പാളയത്തില്‍ വേരാഴ്ത്താന്‍ അവര്‍ക്കായില്ല. നിരന്തരമായ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ ജെ എസ്സ് എസ്സിനും ഗൗരിയമ്മയ്ക്കും ഏറ്റുവാങ്ങേണ്ടി വന്നു. ഇത് യു ഡി എഫില്‍ അവരുടെ പ്രാധാന്യം ഇല്ലാതാക്കി. ചുവപ്പ് പാളയത്തിലേക്ക് മടങ്ങി എത്താന്‍ 20 വര്‍ഷമെടുത്തു എന്നതാണ് ഏറെ അതിശയിപ്പിക്കുന്ന ഒന്ന്. ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ അംഗം കൂടെ ആയിരുന്നു ഗൗരിയമ്മ. അവര്‍ അന്ന് അതിനോട് പ്രതികരിച്ചത്, പ്രായമല്ല ജനങ്ങളുടെ കൂടെ നില്ക്കുക എന്നതാണ് ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകയുടെ മാനദണ്ഡം എന്നാണ്.