KeralaNews

‘ഇനി ഗ്രൂപ്പിന്റെ പേരില്‍ വീതംവയ്പ്പില്ല, മുതിര്‍ന്ന നേതാക്കളോട് അഭിപ്രായം മാത്രം ചോദിക്കും’; കോണ്‍ഗ്രസ് സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറുകയാണെന്ന് കെ. മുരളീധരന്‍ എം.പി

തിരുവനന്തപുരം: കോണ്‍ഗ്രസ് സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറുകയാണെന്ന് കെ. മുരളീധരന്‍ എം.പി. പാര്‍ട്ടിയില്‍ അച്ചടക്കം പരമപ്രധാനമാണ്. ഇനി ഗ്രൂപ്പിന്റെ പേരില്‍ വീതംവയ്പ്പുണ്ടാകില്ല, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് അഭിപ്രായങ്ങള്‍ തേടും. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും മുരളീധരന്‍ പറഞ്ഞു.

ജംബോ കമ്മിറ്റിയും ഗ്രൂപ്പുമാണ് കോണ്‍ഗ്രസിലെ പ്രശ്‌നമായിരുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥന വോട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ പോലും ആളുണ്ടായിരുന്നില്ല. എന്നാല്‍ ബൂത്തിന്റെ പണം കണക്കുപറഞ്ഞ് വാങ്ങും, വട്ടിയൂര്‍ക്കാവിലും ഇതു സംഭവിച്ചു. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികള്‍ പലയിടത്തും ഉണ്ടായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെ തുടര്‍ന്നു കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധിക്കു താത്കാലിക വിരാമമായി. ഒരു മേശയ്ക്കു ചുറ്റുമിരുന്നു ദീര്‍ഘമായി ചര്‍ച്ച നടത്തിയ നേതാക്കള്‍ ഒടുവില്‍ പുറത്തിറങ്ങി അനുരഞ്ജനത്തിന്റെ സന്ദേശം നല്‍കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയോടെ മഞ്ഞുരുകി തുടങ്ങിയിരുന്നു.

ഏകപക്ഷീയമായ അച്ചടക്ക നടപടിയിലുള്ള പ്രതിഷേധം ഉമ്മന്‍ ചാണ്ടി കെപിസിസി പ്രസിഡന്റിനെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിക്കും രമേശിനുമെതിരേ അതിരൂക്ഷ വിമര്‍ശനം നടത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരേ നടപടിയെടുക്കാത്ത കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് കെ. സുധാകരന്‍ ഉറപ്പുനല്‍കി.

കെപിസിസി ഭാരവാഹികള്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍ എന്നിവരുടെ പട്ടിക തയാറാക്കുന്നതിനു മുന്പ് വിശദമായ ചര്‍ച്ച നടത്താമെന്ന ഉറപ്പ് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും നല്‍കിയെന്നാണ് അറിവ്. സംസ്ഥാന നേതൃനിരയിലെ പ്രശ്‌നങ്ങള്‍ ഇവിടെ തന്നെ പരിഹരിച്ചതിനെ തുടര്‍ന്ന് ഇന്നു കേരളത്തിലെത്താനിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ വരുന്നില്ലെന്നു തീരുമാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button