മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് അശ്ലീലച്ചുവയുള്ള മറുപടി; എന്‍ പ്രശാന്ത് ഐ.എ.എസിനെതിരെ കേസ്

കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ എന്‍. പ്രശാന്ത് ഐഎഎസിനെതിരേ കേസെടുത്തു. ആഴക്കടല്‍ മത്സ്യബന്ധനപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ സഹിതമുള്ള മറുപടി പ്രശാന്ത് തിരിച്ചയച്ചത്.

കുറ്റകൃത്യം നടന്നതായി തെളിഞ്ഞതായും പ്രശാന്ത് സ്ത്രീത്വത്തെ അപമാനിച്ചതായും എഫ്‌ഐആറില്‍ പറയുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ.പി പ്രവിതയ്ക്കാണ് ദുരനുഭവമുണ്ടായത്.

ആഴക്കടല്‍ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്‌ഐഎന്‍സി (കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍) എംഡിയായ എന്‍. പ്രശാന്തിനോട് പ്രതികരണം തേടിയപ്പോള്‍ അശ്ലീലച്ചുവയുള്ള തരം സ്റ്റിക്കറുകള്‍ തിരിച്ചയക്കുകയായിരുന്നു.

പത്രത്തിലൂടെ ഇത് വാര്‍ത്തയാവുകയും, ചാറ്റ് സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവരികയും ചെയ്തപ്പോള്‍, മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരും അടക്കം നിരവധിപ്പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന്, എന്‍ പ്രശാന്തല്ല താനാണ് മറുപടികള്‍ അയച്ചതെന്ന് പറഞ്ഞ് ഭാര്യ ലക്ഷ്മി പ്രശാന്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. നമ്പറെടുത്ത് ആദ്യം വിളിച്ചപ്പോള്‍ പ്രതികരണമില്ലെന്ന് കണ്ടപ്പോഴാണ്, വാട്‌സാപ്പിലൂടെ സന്ദേശമയച്ചതെന്ന്, പത്രത്തില്‍ നല്‍കിയ വാര്‍ത്തയില്‍ ലേഖിക പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News