KeralaNews

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതിയെന്ന മനോഭാവം; ചെന്നിത്തലക്കെതിരെ കെ.കെ ശൈലജ

കണ്ണൂര്‍: ഇപ്പോള്‍ കിറ്റ് കൊടുക്കരുതെന്ന രമേശ് ചെന്നിത്തലയുടെ നിലപാട് ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതിയെന്ന മനോഭാവമാണെന്ന് വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. വിഷു, ഈസ്റ്റര്‍ കാലത്ത് ജനങ്ങള്‍ക്ക് ഭക്ഷ്യവിതരണം നടത്തരുതെന്ന് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതില്‍ മാപ്പു പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വിമര്‍ശനവുമായി ആരോഗ്യമന്ത്രിയും എത്തിയത്. മാര്‍ച്ചില്‍ വിതരണം ചെയ്യാനിരുന്ന കിറ്റ് ഏപ്രില്‍ 1 ലേക്ക് മാറ്റിയിട്ടുണ്ട്.

തന്നെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ വെറും മാധ്യമസൃഷ്ടികളാണെന്നും അവര്‍ പറഞ്ഞു. പിണറായി വിജയനെ മുഖ്യമന്ത്രിയായി കാണാനാണ് കേരളത്തിലെ ജനത ആഗ്രഹിക്കുന്നതെന്നും പ്രളയത്തിലും മഹാമാരിയിലുമെല്ലാം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത് അദ്ദേഹമാണെന്നും അദ്ദേഹത്തെ ക്യാപ്റ്റനായി കാണാനാണ് ആള്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.

ഭക്ഷ്യകിട്ട് വിതരണത്തിന് തടസ്സം സൃഷ്ടിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമം നടത്തുന്നു എന്നും കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും നേരത്തേ മുഖ്യമന്ത്രിയും ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ മാപ്പു പറയണമെന്നും തെരഞ്ഞെടുപ്പ് നോക്കിയല്ല സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും പറഞ്ഞിരുന്നു.

എന്നാല്‍ കേരളത്തിലെ അന്നംമുടക്കി മുഖ്യമന്ത്രിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. കേരളീയര്‍ക്ക് കിട്ടേണ്ട അരി മുഴുവന്‍ മുഖ്യമന്ത്രി പൂഴ്ത്തിവെച്ചെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അതെടുത്തു വിതരണം ചെയ്തെന്നും ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് കാശുണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

അരി പൂഴ്ത്തി വെയ്ക്കുകയും തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമുള്ളപ്പോള്‍ അത് വിതരണം ചെയ്യുകയും ചെയ്യുന്ന നടപടി എന്താണെന്നും ചോദിച്ചു. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെ കുട്ടികള്‍ക്ക് കൊടുക്കേണ്ടിയിരുന്ന അരിയാണ് തെരഞ്ഞെടുപ്പിന് ഒരാഴ്ചയുള്ളപ്പോള്‍ വിതരണം ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button