ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റിലേക്ക് വനിതാ സ്ഥാനാര്‍ത്ഥിക്ക് സാധ്യത. എഐസിസി വക്താവ് ഷമ മുഹമ്മദ്, ജ്യോതി വിജയകുമാര്‍ എന്നിവരെയാണ് രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുന്നത്. എം ലിജുവിന് രാജ്യസഭ സീറ്റ് നല്‍കണമെന്ന ആവശ്യവുമായാണ് കെ സുധാകരന്‍ ഇന്നലെ രാഹുല്‍ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയത്. എന്നാല്‍ ലിജു ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വന്‍ പ്രതിഷേധ നീക്കമാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നടക്കുന്നത്.
എം ലിജു, സതീശന്‍ പാച്ചേനി, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം തുടങ്ങി തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കരുതെന്ന ആവശ്യമാണ് ഉയരുന്നത്. തോറ്റവരെ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കെ മുരളീധരന്‍ സോണിയാഗാന്ധിക്ക് കത്തയച്ചു. ഹൈക്കമാന്‍ഡ് നോമിനിയായ ശ്രീനിവാസന്‍ കൃഷ്ണ്‍നെതിരെയും സംസ്ഥാന കോണ്‍ഗ്രസില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ ജയിക്കുമെന്നുറപ്പുളള രാജ്യസഭ സീറ്റില്‍ പോലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്.
തോറ്റു എന്നതുകൊണ്ട് അയോഗ്യരായി കാണേണ്ട എന്ന നിലപാടാണ് സുധാകരന്റേത്. സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കേണ്ടെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതൃത്വത്തോട് ആവശ്യപ്പെടുന്നത്.