ലണ്ടൻ: വിക്കിലീക്സ് (WikiLeaks) സ്ഥാപകൻ ജൂലിയൻ അസാൻജ് (Julian Assange) വിവാഹിതനാകുന്നു. കാമുകി സ്റ്റെല്ല മോറിസിനെ ലണ്ടൻ (London) ജയിലിൽ വച്ചാണ് അദ്ദേഹം വിവാഹം ചെയ്യുക. ജൂലിയൻ അസാൻജിന്റെ പങ്കാളിയാണ് സ്റ്റെല്ല. അതീവ സുരക്ഷയുള്ള ജയിലിലാണ് വിവാഹം. വളരെ ചെറിയ ചടങ്ങായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. നാല് അതിഥികളും രണ്ട് ഔദ്യോഗിക സാക്ഷികളും രണ്ട് സുരക്ഷാ ഗാർഡുകളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക.
2019 മുതൽ ബെൽമാർഷ് ജയിലിൽ തടവിലാണ് അസാൻജ്. അമേരിക്കൻ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാൻജിനെതിരെയുള്ളത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം അഭയം തേടിയിരുന്നു ജൂലിയൻ അസാൻജ്. എംബസിയിലെ താമസക്കാലം സ്റ്റെല്ലക്കൊപ്പമായിരുന്നു അദ്ദേഹം. ഇരുവർക്കും ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. 2015ലാണ് ഇവരുടെ ബന്ധം ആരംഭിച്ചത്.
സുരക്ഷാ കാരണങ്ങളാൽ മാധ്യമപ്രവർത്തകർക്കോ ഫോട്ടോഗ്രാഫർമാർക്കോ ജയിൽ അനുമതിയില്ല. “തന്റെ ജീവിതത്തിലെ പ്രണയത്തെ” താൻ വിവാഹം കഴിക്കുകയാണെന്ന് സ്റ്റെല്ല പറഞ്ഞു. മോറിസിന്റെ വിവാഹ വസ്ത്രവും അസാഞ്ചെയുടെ കിൽട്ടും (സ്കോട്ടിഷ് പുരുഷന്‍മാരുടെ പരമ്പരാഗത വസ്ത്രമായ ഞൊറിവുവച്ച് ചുറ്റിയുടുക്കുന്ന മുട്ടോളമുള്ള പാവാട) തയ്യാറാക്കിയത് ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ വിവിയെൻ വെസ്റ്റ്‌വുഡാണ്.