ഭക്ഷണമോ പാര്‍പ്പിടമോ ഇല്ലാതിരുന്ന കാലം, ഇഎംഐ അടയ്ക്കാത്തതിനാല്‍ ജിപ്‌സി എടുത്തുകൊണ്ടുപോയി: ജൂഹി ചൗള
മുംബൈ: ബോളിവുഡിലെ സമ്പന്നന്മാരില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. മുംബൈ സിറ്റിയുടെ മധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മന്നത്ത് എന്ന അദ്ദേഹത്തിന്റെ വീട് മാത്രം മതി ഇത് വ്യക്തമാകാന്‍. എന്നാല്‍ സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന ഷാരൂഖിന്റെ പഴയ കാലത്തെ കുറിച്ച് പറയുകയാണ് നടി ജൂഹി ചൗള. ഗുജറാത്ത് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ആണ് നടിയുടെ ഈ വെളിപ്പെടുത്തല്‍.
‘മുംബൈയില്‍ അന്ന് ഷാരൂഖിന് സ്വന്തമായൊരു വീടില്ലായിരുന്നു. അതു കൊണ്ട് ഡല്‍ഹിയില്‍ നിന്നും യാത്ര ചെയ്തായിരുന്നു മുംബൈയില്‍ എത്തിയിരുന്നത്. അദ്ദേഹം അന്ന് എവിടെയാണ് താമസിച്ചിരുന്നത് എന്നെനിക്കറിയില്ല. ദിവസവും സിനിമാ യൂണിറ്റിനൊപ്പം ചായ കുടിക്കും, ഭക്ഷണം കഴിക്കും, കൂടുതല്‍ സമയവും അവര്‍ക്കൊപ്പം തന്നെ ചെലവഴിക്കും. പലപ്പോഴും 2-3 ഷിഫ്റ്റ് വരെ ഷാരൂഖ് ജോലി ചെയ്തിരുന്നു’- ജൂഹി ചൗള
താരത്തിന് ഒരു കറുത്ത ജിപ്‌സി ഉണ്ടായിരുന്നു. അതിന്റെ ഇഎംഐ അടയ്ക്കാഞ്ഞതിനാല്‍ ഒരിക്കല്‍ കാര്‍ പിടിച്ചെടുത്തു. അന്ന് സെറ്റില്‍ വളരെ സങ്കടത്തിലിരുന്നിരുന്ന ഷാരൂഖ് ഖാനെ ഒരുപാട് കാറുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് താന്‍ ആശ്വസിപ്പിച്ചിരുന്നുവെന്നും ജൂഹി ചൗള ഓര്‍മിച്ചു.