FeaturedNews

വാഹനമിടിച്ച് ജഡ്ജി മരിച്ചു; കൊലപാതകത്തിന് കേസ്, അന്വേഷണമാരംഭിച്ചു

ന്യൂഡല്‍ഹി:ഝാര്‍ഖണ്ഡിലെ ധൻബാദിൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജഡ്ജിയെ ഇടിച്ച ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലാകും പ്രത്യേക സംഘത്തിന്റെ അന്വേഷണം.

സ്വതന്ത്ര അന്വേഷണം വേണമെന്ന് നേരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ നിർദ്ദേശിച്ചിരുന്നു. വാഹനം ഇടിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാവുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ഇടപെടൽ.

ഇന്നലെ പുലര്‍ച്ച അഞ്ചുമണിയോടെ ധൻബാദിലെ മജിസ്ട്രേറ്റ് കോളനിക്ക് സമീപത്തായിരുന്നു ഈ സംഭവം. പ്രഭാത വ്യായാമത്തിന് ഇറങ്ങിയ ധൻബാദ് അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തം ആനന്ദിനെ ഒരു ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബോധപൂര്‍വ്വം ഇടിച്ചതാണെന്ന് സംശയിക്കാവുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

തലക്ക് പരിക്കേറ്റ് റോഡരുകിൽ കിടന്ന ജഡ്ജിയെ വഴിപോക്കര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കുറിന് ശേഷം മരിച്ചു. ജഡ്ജിയെ വാഹനം ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഝാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ച. ഹൈക്കോടതി സ്വമേധയ കേസെടുത്തിട്ടുണ്ടെന്നും പൊലീസിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് രമണ അറിയിച്ചു.

ധൻബാദ് പൊലീസ് സുപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ ഉൾപ്പടെ മൂന്നുപേര്‍ അറസ്റ്റിലായെന്നാണ് സൂചന. രാജ്യത്ത് ഏറ്റവും അധികം കൽക്കരി ഖനികൾ ഉള്ള പ്രദേശമാണ് ഝാര്‍ഖണ്ഡിലെ ധൻബാദ്. കൽക്കരി മാഫിയകളുടെ സാമ്രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന ധൻബാദിലെ ഈ സംഭവം ഒരു അപകടമെന്ന് എഴുതിതള്ളാനാകില്ല. ഗുണ്ടാസംഘങ്ങൾക്കെതിരെ അടുത്തകാലത്ത് ഒരു കേസിൽ ജഡ്ജി ഇറക്കിയ ഉത്തരവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button