KeralaNews

കാര്‍ഷിക പ്രതിസന്ധി, പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം :  ജോസ് കെ മാണി

തൊടുപുഴ – രാജ്യത്തെ കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമായി  പ്രത്യേക പാര്‍ലമെന്റ്  സമ്മേളനം വിളിക്കണമെന്ന്   കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പാര്‍ലമെന്റില്‍ കഴിഞ്ഞ ഒരു വര്‍ഷമായി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടക്കുന്നില്ല.ഇത് വലിയ സ്തംഭനാവസ്ഥയും പ്രതിസന്ധിയുമാണ് രാജ്യത്തെ കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും കാര്‍ഷികോത്പാദന തകര്‍ച്ചയും രാജ്യവ്യാപകമായി സംഭവിച്ചിരിക്കുന്നു. ഇതടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യത്തെ  കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങളടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കാര്‍ഷിക പ്രശ്നങ്ങളുടെ നേര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്.ഇത്തരം സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടന്‍ വിളിച്ചു ചേര്‍ക്കണം.

ആസിയാന്‍ കരാര്‍ അടക്കമുള്ള വിവിധ കരാറുകള്‍ കാര്‍ഷികമേഖലയെ വളരെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇത്തരം കരാറുകള്‍  പൊളിച്ചെഴുതുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഈ കരാറുകള്‍ ഒപ്പിട്ടപ്പോള്‍ തന്നെ കേരള കോണ്‍ഗ്രസ് (എം) വിയോജിപ്പ് അറിയിച്ചതാണ്. ജി20 അധ്യക്ഷപദവി ഒരവസരമായി കണ്ട് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടുള്ള സ്വതന്ത്രവ്യാപാര കരാറുകള്‍ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ പരിഷ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത അന്താരാഷ്ട്ര സമൂഹത്തെ ബോധിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം. കർഷക വിഷയങ്ങളിൽ നിരന്തരം ഇടപെട്ടുകൊണ്ട് പൊതു രാഷ്ട്രീയത്തിന്റെ മുഖ്യ അജണ്ടയിലേക്ക് കർഷക രാഷ്ട്രീയം കൊണ്ടുവന്നത് കേരളാ കോൺഗ്രസ് ആണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.കേരള കര്‍ഷക യൂണിയന്‍ എം ദ്വിദിന സംസ്ഥാന പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.
   

നാടിന്റെ വികസന പ്രക്രിയയുമായി കാർഷിക മേഖലയെ ബന്ധിപ്പിച്ചു നിർത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ബഫർസോൺ നിർണ്ണയവും ഭൂപതിവ് നിയമ ഭേദഗതിയും സംബന്ധിച്ച വിഷയങ്ങളിൽ കർഷകർ ഉന്നയിച ആവശ്യങ്ങൾക്കൊപ്പം നിന്നാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്.ജലവിഭവ വകുപ്പിനെ കർഷക സൗഹൃദമാക്കി മാറ്റുമെന്നും എല്ലാ ഗ്രാമീണകുടുംബങ്ങൾക്കും കുടിവെള്ളവും കാർഷിക മേഖലയിൽ ജലസേചന സൗകര്യം ഉറപ്പുവരുത്തുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
   

സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ടിന്റെ  അധ്യക്ഷതയിൽ ഫിലിപ്പ് കുഴികുളം, എന്‍.എം രാജു,  ജോസ് ടോം, ടോമി കെ തോമസ്, കെ. ഐ.ആന്റണി, അലക്സ് കോഴി മല ,അഗസ്റ്റ്യൻ വട്ടക്കുന്നേൽ, ജോ സ് പാലത്തിനാൽ, ലോപ്പസ് മാത്യു, കെ.പി. ജോസഫ്, ഡാന്റീസ് കൂനാനിക്കൽ , രാരിച്ചൻ നീറണാക്കുന്നേൽ, ഹഫീസ് തിരുവനന്തപുരം, ജോസഫ് ചാമക്കാല, ജിമ്മി മറ്റത്തിപ്പാറ,  ബിജു ഐക്കര, മത്തച്ചൻ പ്ലാത്തോട്ടം, ഇസഡ് എം ജേക്കബ്, ജോസ് സി കല്ലൂർ, ജോയി നടയിൽ, ജയിംസ് മാരൂർ എന്നിവർ പ്രസംഗിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button