കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവ്യ മറ്റൊരു അഭയയോ? തെളിവുകളുമായി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍
തിരുവനന്തപുരം: തിരുവല്ലയിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണം അന്വേഷണത്തിന് മുമ്പ് ആത്മഹത്യയാണെന്ന് പ്രഖ്യാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. മറ്റൊരു അഭയക്കേസ് മോഡല്‍ മരണമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി. മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയുടെ കീഴിലുള്ള ബസേലിയസ് സിസ്റ്റേഴ്സ് കോണ്‍വെന്റിന്റെ കിണറ്റിലാണ് കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന ദിവ്യ പി ജോണിന്റെ മൃതദേഹം കണ്ടത്.
ദിവ്യയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. പോസ്റ്റ് മോര്‍ട്ടം നടത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ദിവ്യയുടേത് മുങ്ങിമരണമാണെന്ന് ചാനലുകള്‍ക്ക് പോലീസ് വാര്‍ത്ത നല്‍കി. പോസ്റ്റ് മോര്‍ട്ടം ഡീറ്റെയില്‍ഡ് റിപ്പോര്‍ട്ട് ലഭിക്കാന്‍ കുറഞ്ഞത് ഒരാഴ്ച എടുക്കുമെന്നിരിക്കെയാണ് തിടുക്കത്തില്‍ ഇത് മുങ്ങിമരണമാണെന്ന നിഗമനം നടത്തിയിരിക്കുന്നത്.
പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറെ മൃതദേഹം കിടന്ന കിണര്‍ പരിശോധിക്കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടു വന്നിരുന്നില്ല. പോലീസ് നായയെ കൊണ്ടുവരികയോ വിരല്‍ അടയാള വിദഗ്ദ്ധരെ കൊണ്ട് വന്ന് തെളിവെടുക്കുകയോ ചെയ്തിട്ടുമില്ല. ലോക് ഡൗണിന്റെ മറവില്‍, സാക്ഷികള്‍ ആരും ഇല്ലാതെ നടന്ന ദുരൂഹ മരണത്തെ എളുപ്പത്തില്‍ ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്നത്.
ബസേലിയസ് കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ നല്‍കിയ മൊഴികളിലും വൈരുദ്ധ്യമുണ്ട്. ചെടി നനയ്ക്കാന്‍ വെളളം കോരുന്നതിനിടെ കിണറ്റില്‍ കാല്‍ തെറ്റി വീണതാണെന്നാണ് ഒരു കന്യാസ്ത്രീ പറഞ്ഞത്. അതല്ല ദിവ്യ കിണറ്റില്‍ എടുത്ത് ചാടിയെന്നും പോലീസും ഫയര്‍ഫോഴ്സും പുറത്തെടുത്ത് തിരുവല്ല പുഷ്പഗിരി ആസ്പത്രിയില്‍ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല എന്ന് മറ്റൊരു കന്യാസ്ത്രീയും പറഞ്ഞു.
അഭയ കേസില്‍ മഠത്തിലെ അധികാരികള്‍ പറഞ്ഞ ആത്മഹത്യാ വാദവും മൊഴികളും ദിവ്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലും മഠത്തിലെ കന്യാസ്ത്രീകള്‍ പറയുന്ന ആത്മഹത്യാ വാദവും ഒരു പോലെ തോന്നുന്നതും ദൂരൂഹതകള്‍ക്കും സംശയങ്ങള്‍ക്കും ആഴം കൂട്ടുന്നതാണെന്ന് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണെന്നും അഭയക്കൊലക്കേസിലെ വാദിയായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.