KeralaNewsNews

പലരെയും മാറിമാറി വിളിച്ചു, വീട് അവിടെ ഇല്ലെന്ന് മാത്രം അറിഞ്ഞു; കുടുംബം ഒന്നാകെ ഒലിച്ചുപോയി, മരവിച്ച് ജിഷ്ണു

റിയാദ്: അച്ഛനും അമ്മയും കൂടപിറപ്പുകളും മുത്തശ്ശിയും ഉൾപ്പടെ കുടുംബം ഒന്നാകെ ഉരുൾപ്പൊട്ടലിൽ ഒലിച്ചുപോയി, സ്വന്തം വീടും അപകടം മുൻകൂട്ടി കണ്ട് കുടുംബം മാറി താമസിച്ച ബന്ധുവിെൻറ വീടും അപ്പാടെ തകർന്ന് മണ്ണടിഞ്ഞു. സൗദിയിൽ നിന്ന് ഉള്ളുലഞ്ഞ് ജിഷ്ണു നാട്ടിലെത്തി. ഇനി കുടുംബത്തിൽ കുഞ്ഞനുജൻ മാത്രമാണ് ബാക്കിയെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇനിയും അവനായിട്ടില്ല. 

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ ജിഷ്ണു രാജൻ ചൊവ്വാഴ്ച വൈകീട്ട് തന്നെ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. മുണ്ടക്കൈയിലെ പുഞ്ചിരിവട്ടത്താണ് ജിഷ്ണുവിെൻറ വീടും മാതാപിതാക്കളും മുത്തശ്ശിയും സഹോദരങ്ങളും വീട്ടുകാരുമുണ്ടായിരുന്നത്. പിതാവ് രാജൻ, അമ്മ മരുതായ്, മൂത്ത സഹോദരൻ ജിനു (27), ഇളയ സഹോദരങ്ങളായ ഷിജു (25), ജിബിൻ (18), ആൻഡ്രിയ (16), ജിനുവിെൻറ ഭാര്യ പ്രിയങ്ക (25), മുത്തശ്ശി നാഗമ്മ എന്നിവരാണ് പുഞ്ചിരിമറ്റം ഹൗസിൽ താമസിച്ചിരുന്നത്. ഉരുൾപൊട്ടിയെന്ന വാർത്ത എത്തിയതോടെ രാത്രി മുഴുവൻ നാട്ടിലെ അറിയാവുന്ന നമ്പരുകളിലൊക്കെ വിളിച്ചിട്ടും ആരെയും കിട്ടിയില്ല. ചൊവ്വാഴ്ച വൈകീട്ടായിട്ടും ഒരു വിവരവും കിട്ടിയില്ല. തന്‍റെ വീടിരുന്നിടുത്ത് അതില്ലെന്ന് മാത്രം അറിഞ്ഞു. ജിയോളജി വകുപ്പ് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ കുടുംബം കുറച്ചുകൂടി സുരക്ഷിതമെന്ന് കരുതി തൊട്ടപ്പുറത്ത് ബന്ധുവിന്‍റെ വീട്ടിലേക്ക് തിങ്കളാഴ്ച വൈകീട്ട് മാറിയിരുന്നു. എന്നാൽ ദുരന്തം ഉരുൾപൊട്ടി എത്തിയപ്പോൾ രണ്ട് വീടും ഒരുപോലെ ഒലിച്ചുപോയി.

ചൊവ്വാഴ്ച അതിരാവിലെ തന്നെ ഈ വിവരം മറിഞ്ഞ് വീട്ടുകാരെ ബന്ധപ്പെടാൻ ജിഷ്ണു ശ്രമിക്കുന്നുണ്ടായിരുന്നു. ഓരോരുത്തരേയും മാറിമാറി വിളിച്ചുനോക്കി. അവരെ കിട്ടാതായപ്പോൾ  മുണ്ടക്കൈയ്യിലെ നാട്ടുകാരായ പരിചയക്കാരെയൊക്കെ വിളിച്ചു. ആരെയും കിട്ടിയില്ല. വൈകീട്ടായപ്പോൾ അച്ഛൻ രാജന്‍റെ മൃതദേഹം കിട്ടി എന്ന വിവരം അറിഞ്ഞു. അപകടമേഖലയിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ കൂട്ടത്തിൽ സഹോദരൻ ഷിജുവിന്‍റെയും അമ്മയുടേയും മൃതദേഹങ്ങൾ കണ്ടെന്നും വിവരമെത്തി.

എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നും എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയാതെ പ്രതിസന്ധിയിലായ, ജിഷ്ണു ജോലിചെയ്യുന്ന സ്ഥാപനത്തിെൻറ നടത്തിപ്പുകാരൻ പ്രസാദ് കരുനാഗപ്പള്ളിയും സഹപ്രവർത്തകരും എത്രയും പെട്ടെന്ന് ജിഷ്ണുവിനെ നാട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുനനു. ചൊവ്വാഴ്ച രാത്രിയിലെ ഇൻഡിഗോ വിമാനത്തിലാണ് ജിഷ്ണു കോഴിക്കോട്ടേക്ക് പുറപ്പെട്ടത്.

26കാരനായ ജിഷ്ണു നാട്ടിൽ നിന്നും അൽ ഹസയിൽ ജോലിക്കെത്തിയിട്ട് ആറു മാസമേ ആയിട്ടുള്ളൂ. വയനാട്ടിൽ കനത്ത മഴയുണ്ടെന്നും സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പും വാർത്തയുമൊക്കെ വന്നതോടെ ജോലി സ്ഥലത്തും താമസസ്ഥലത്തുമൊക്കെ കടുത്ത അസ്വസ്ഥതയിലായിരുന്നു ജിഷ്ണു. രണ്ടുവർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട മുന്നനുഭവമുണ്ട് ജിഷ്ണുവിന്. അന്ന് വീടിെൻറ ഒരു ഭാഗം പൂർണമായും തകർന്നിരുന്നു. എങ്കിലും ജിഷ്ണുവും കൂടുംബവും വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.

കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന പിതാവ് ശാരീരിക അവശതകളെ തുടർന്ന് പണിക്കൊന്നും പോകുന്നില്ലായിരുന്നു. മാതാവ് അർബുദം ബാധിച്ച് തുടർചികിത്സയിലാണ്. മൂന്ന് മാസം മുമ്പാണ് മൂത്ത സഹോദരൻ ജിനുവിെൻറയും പ്രിയങ്കയുടേയും വിവാഹം. ഗർഭിണിയായ പ്രിയങ്ക സ്വന്തം വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഇളയവരിൽ ഷിജു സീരിയൽ ഷൂട്ടിങ് കാമറാരംഗത്ത് പ്രവർത്തിക്കുന്നു. ജിബിൻ നാട്ടിലെ സ്വകാര്യ റിസോർട്ടിലാണ് ജോലി ചെയ്യുന്നത്. പ്ലസ് വൺ വിദ്യാർഥിനിയാണ് ഏറ്റവും ഇളയവളായ ആൻഡ്രിയ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker