KeralaNewsRECENT POSTS

മലയാള മനോരമയിലെ വാര്‍ത്ത കണ്ടാണ് സഖാവ് കോടിയേരി തനിക്ക് ബീഹാറില്‍ ഒരു പേരക്കുട്ടിയുണ്ടെന്ന് അറിഞ്ഞത്; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പരിഹാസവുമായി അഡ്വ. ജയശങ്കര്‍. ബിനോയ് കോടിയേരി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന യുവാവുമായി കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)ന് ഒരു ബന്ധവുമില്ല. അദ്ദേഹം പാര്‍ടി അംഗമല്ല. അനുഭാവിയുമല്ല. ബിനോയ് എന്തെങ്കിലും തെറ്റോ കുറ്റമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹത്തിനു മാത്രമാണെന്ന് ജയശങ്കര്‍ പരിഹസിക്കുന്നു. ബിനോയ് കോടിയേരിക്കു വേണ്ടി ബക്കറ്റ് പിരിവു നടത്താന്‍ പാര്‍ടി ഉദ്ദേശിക്കുന്നില്ല. വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരന്‍ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിന്‍വലിപ്പിക്കും എന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞാണ് ജയശങ്കര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബിനോയ് കോടിയേരി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന യുവാവുമായി കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)ന് ഒരു ബന്ധവുമില്ല. അദ്ദേഹം പാര്‍ടി അംഗമല്ല. അനുഭാവിയുമല്ല. ബിനോയ് എന്തെങ്കിലും തെറ്റോ കുറ്റമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹത്തിനു മാത്രമാണ്.
ബിനോയുടെ പേരുമായി ബന്ധപ്പെടുത്തി സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ.കോടിയേരി ബാലകൃഷ്ണനെ അപകീര്‍ത്തിപ്പെടുത്താന്‍ വര്‍ഗശത്രുക്കളും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന ശ്രമം അപലപനീയമാണ്. ബിനോയ് ഒരു സ്വതന്ത്ര പൗരനാണ്. അദ്ദേഹത്തിന് പീഡനമോ വഞ്ചനയോ നടത്താന്‍ ആരുടെയും അനുവാദം ആവശ്യമില്ല. ബിനോയ് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി സ.കോടിയേരി ഇതുവരെ മനസിലാക്കിയിരുന്നില്ല. മലയാള മനോരമയിലെ വാര്‍ത്ത കണ്ടാണ് സഖാവ് ബിഹാറില്‍ തനിക്കൊരു പേരക്കുട്ടിയുളള കാര്യം അറിഞ്ഞത്.

ബിനോയ് എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ടി അതിനെ അംഗീകരിക്കുകയോ ന്യായീകരിക്കുകയോ ഇല്ല. അദ്ദേഹത്തിന് രാഷ്ട്രീയമായോ നിയമപരമായോ പിന്തുണ നല്‍കില്ല. ലിംഗനീതിയിലും നവോത്ഥാന മൂല്യങ്ങളിലും ഉറച്ചു വിശ്വസിക്കുന്ന സിപിഐ(എം)പാര്‍ടിയുടെ അനുഭാവം എല്ലായ്പ്പോഴും ഇരയോടൊപ്പമാണ്.

അതേസമയം, ബിനോയെ മുന്‍നിര്‍ത്തി സ.കോടിയേരി ബാലകൃഷ്ണനെയും പാവങ്ങളുടെ ആശാകേന്ദ്രമായ പാര്‍ടിയെയും അപകീര്‍ത്തിപ്പെടുത്താനുളള ശ്രമത്തിനെതിരെ നാം ജാഗ്രത പാലിക്കണം. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് കമ്യൂണിസ്റ്റ് നേതാക്കളെ തേജോവധം ചെയ്യുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സ്ഥിരം പരിപാടിയാണ്. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ പോലീസും ആ ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നത് തികച്ചും സ്വാഭാവികം.

ബിനോയ് കോടിയേരിക്കു വേണ്ടി ബക്കറ്റ് പിരിവു നടത്താന്‍ പാര്‍ടി ഉദ്ദേശിക്കുന്നില്ല. വേദനിക്കുന്ന ഏതെങ്കിലും കോടീശ്വരന്‍ ബിഹാറി യുവതി ചോദിക്കുന്ന പണം കൊടുത്തു പരാതി പിന്‍വലിപ്പിക്കും എന്നാണ് പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button