32.8 C
Kottayam
Sunday, April 21, 2024

പോലീസുകാര്‍ തമ്മില്‍ തല്ലിയ സംഭവം: എട്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു; ആറു പേരുടെ സസ്‌പെന്‍ഷന്‍ ഇന്ന്

Must read

തിരുവനന്തപുരം: സഹകരണ സംഘം തെരഞ്ഞെടുപ്പിനെ ചൊല്ലി പോലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ എട്ട് പേരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ 14 പോലീസുകാര്‍ക്കെതിരെയാണ് നടപടി. ബാക്കി ആറ് പേരുടെ സസ്‌പെന്‍ഷന്‍ ഇന്ന് പുറത്തിറക്കും. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കുത്തിയിരുന്ന് സമരം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് രണ്ട് വനിതാ സിവില്‍ ഓഫീസര്‍മാരടക്കം എട്ട് പേര്‍ക്കെതിരെ ഗുരുതര അച്ചടക്കലംഘനത്തിന് നടപടിയെടുത്തിട്ടുണ്ട്. കുറ്റക്കാരായി കണ്ടെത്തിയ മറ്റ് പൊലീസുകാര്‍ക്കെതിരായ നടപടിക്കായി അവര്‍ ജോലി ചെയ്യുന്ന യൂണിറ്റുകളിലേക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

പോലീസ് സര്‍വ്വീസ് സഹകരണ സംഘത്തിന്റെ ഓഫീസ് ഉപരോധിച്ചതും മുദ്രാവാക്യം വിളിച്ചതും ഗുരുതര അച്ചടക്കലംഘനമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് തിരിച്ചറിയല്‍ കാര്‍ഡ് വൈകുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടത് -വലത് സംഘടനകളില്‍ പെട്ട പോലീസുകാര്‍ തമ്മില്‍ ആദ്യം വാക്കുതര്‍ക്കവും പിന്നീട് ഉന്തും തള്ളുമുണ്ടായത്.

ജൂണ്‍ 27 നാണ് സഹകരണസംഘം തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനിഷ്ടസംഭവങ്ങളില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവമെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തിയായിരുന്നു പോലീസുകാര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week